കൊല്ലം: സംസ്ഥാനത്തെ അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവനകൾ നൽകാൻ ഗ്രന്ഥശാലകൾക്ക് കഴിഞ്ഞുവെന്നും ഇത്തരം കാര്യങ്ങളിൽ പി.എൻ. പണിക്കർക്കൊപ്പം പ്രവർത്തിച്ച ഡോ.കെ. ശിവദാസൻപിള്ള ആദരണീയ വ്യക്തിത്വമാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തൃക്കടവൂർ സാഹിത്യ സമാജത്തിന്റെ ഡോ. കെ. ശിവദാസൻ പിള്ള സ്മാരക അദ്ധ്യാപക അവാർഡ് ഇടവട്ടം കെ.എസ്.എം.വി.എച്ച്.എസ്.എസ് അദ്ധ്യാപകൻ ജി.ആർ. അഭിലാഷിന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാല പ്രസിഡന്റ് ജി. രഘുനാഥൻ പിള്ള അദ്ധ്യക്ഷനായി. രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലിന് അർഹരായ ആർ.ജയശങ്കർ, സി.എ.പ്രദീപ് കുമാർ, സാമൂഹിക പ്രവർത്തകനായ എസ്.കെ. ഗോകുൽ, ആർട്ടിസ്റ്റ് എ. അഭിഷേക് എന്നിവർക്കും രമേശ് ചെന്നിത്തല ഉപഹാരങ്ങൾ വിതരണം ചെയ്തു. ഡോ. സുരേഷ് കുമാർ, ശ്രീമുരുകൻ പിള്ള, കൗൺസിലർ ഗിരിജാ സന്തോഷ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി ബി. അനിൽകുമാർ സ്വാഗതവും ജോ. സെക്രട്ടറി അനിൽ പത്തനാവിൽ നന്ദിയും പറഞ്ഞു.