
കൊല്ലം: കിംസ് ഹെൽത്തിന്റെ കേരളത്തിലെ അഞ്ചാമത്തെ മെഡിക്കൽ സെന്റർ ആയൂരിൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ലാബ്, ഫാർമസി, ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗങ്ങൾക്ക് പുറമെ കൊല്ലം കിംസ് ഹെൽത്തിലെ ജനറൽ സർജറി, ന്യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി വിഭാഗങ്ങളുടെ സേവനവും ലഭ്യമാണ്. ഹോം കെയർ ആവിശ്യമുള്ളവർക്ക് ലാബ് സൗകര്യങ്ങളോട് കൂടിയ ആംബുലൻസും ഡോക്ടർമാരും നഴ്സുമരുമടങ്ങുന്ന വിദഗ്ദ്ധ സംഘവും സേവന സജ്ജമാണ്.
സാധാരണക്കാർക്ക് വേഗത്തിൽ എത്തിച്ചേരാവുന്ന രീതിയിലുള്ള ആശുപത്രികളാണ് വേണ്ടതെന്നും അത്തരത്തിലാണ് ഹോം കെയർ സേവനങ്ങളുമായി കിംസ് ഹെൽത്ത് മുന്നോട്ട് വന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ അത്യാധുനിക ആരോഗ്യശൃംഖലയ്ക്ക് ആരംഭം കുറിച്ചത് കിംസ് ഹെൽത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. എം.ഐ.സഹദുള്ളയാണെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായ എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
അത്യാധുനിക ചികിത്സാ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ പ്രാദേശികമായി ലഭ്യമാക്കുന്ന മെഡിക്കൽ സെന്ററുകൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് അദ്ധ്യക്ഷനായിരുന്ന കിംസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ.സഹദുള്ള പറഞ്ഞു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജരാജേന്ദ്രൻ, ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രൻ, ആർ.ഡി.ഒ ശശികുമാർ, കൗൺസിലർ വിളയിൽ കുഞ്ഞുമോൻ, കിംസ് ഹെൽത്ത് ഡയറക്ടർ ഇ.ഇക്‌ബാൽ എന്നിവർ സംസാരിച്ചു. കിംസ് ഹെൽത്ത് എക്‌സി. ഡയറക്ടർ ഇ.എം.നജീബ് സ്വാഗതവും സി.ഇ.ഒ ജെറി ഫിലിപ്പ് നന്ദിയും പറഞ്ഞു.