kakkollil
തകർന്നുകിടക്കുന്ന കുണ്ടറ സെറാമിക്സ് - കാക്കോലിൽ റോ‌ഡ്

കൊല്ലം: കുടിവെള്ള വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിക്കുഴിച്ച റോഡ് യാത്രക്കാർക്ക് നൽകുന്നത് ദുരിതയാത്ര. കുണ്ടറ പഞ്ചായത്തിലെ മൂന്നുവാർഡുകളിലൂടെ കടന്നുപോകുന്ന കുണ്ടറ സെറാമിക്സ് - കാക്കോലിൽ റോഡാണ് നാട്ടുകാർക്ക് കഴിഞ്ഞ ഒരു വർഷമായി പണികൊടുത്തുകൊണ്ടിരിക്കുന്നത്.

മൂന്നു കിലോമീറ്ററോളം വരുന്ന പൊതുമരാമത്ത് റോഡ്, ജൽജീവൻ പദ്ധതിപ്രകാരം കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനാണ് ജെ.സി.ബി ഉപയോഗിച്ച് മാന്തിപ്പൊളിച്ചത്. പൈപ്പ് സ്ഥാപിച്ച ശേഷം കുഴി മണ്ണിട്ട് മൂടിയതല്ലാതെ റോഡ് പൂർവസ്ഥിതിയിലാക്കാൻ നടപടി ഉണ്ടായില്ല. തുടർച്ചയായ മഴയിൽ മേൽമണ്ണ് ഒലിച്ചുപോയതോടെ റോഡിൽ വൻ കുഴികൾ പ്രത്യക്ഷപ്പെടുകയും വാഹനയാത്രക്കാരുടെ ദുരിതം വർദ്ധിക്കുകയും ചെയ്തു. ഇതോടെ കുഴികളിൽ വീണ് ഇരുചക്ര വാഹനക്കാർ അപകടത്തിൽപ്പെടുന്നത് പതിവായി.

മുക്കടയിലെയും പളളിമുക്കിലെയും റെയിൽവേ ഗേറ്റുകൾ അടയ്ക്കുമ്പോൾ കുരുക്കിൽപ്പെടാതെ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാവുന്ന റോഡുകൂടിയാണിത്. മാത്രമല്ല, താലൂക്ക് ആശുപത്രി, കുണ്ടറ സിറാമിക്‌സ് എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രക്കാരിൽ അധികവും ഈ വഴിയെയാണ് ആശ്രയിച്ചിരുന്നത്.

എന്നാൽ, കുണ്ടും കുഴിയും നിറഞ്ഞതോടെ യാത്രക്കാർ ഈ മാ‌ർഗ്ഗം ഉപേക്ഷിച്ച മട്ടാണ്. അനുമതിയില്ലാതെ കുഴിച്ചുവെന്ന ന്യായം പറഞ്ഞ്

അറ്റകുറ്റപ്പണി തീർക്കാതെ പൊതുമരാമത്ത് വകുപ്പും റോഡിനെ കൈവിട്ട അവസ്ഥയാണ്.

കോടി അനുവദിച്ചിട്ടും ഗുണമില്ല

ഗ്രാമപഞ്ചായത്തംഗവും വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണുമായ രേഖാ എസ്. പിളളയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ റോഡിന്റെ അറ്റകുറ്റപ്പണിക്കായി 1.30 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നിട്ടും തുടർ നടപടികൾ വൈകുകയാണ്.

തുലാവർഷം ശക്തമാകുന്നതോടെ റോഡ് കൂടുതൽ തകർച്ചയിലേക്ക് പോകുമെന്നതാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ഭയം.

.................................................................................................................

കുണ്ടറ സെറാമിക്സ് - കാക്കോലിൽ റോഡിലൂടെയുള്ള യാത്ര തീർത്തും ദുഷ്കരമാണ്. എത്രയും വേഗം അറ്റകുറ്റപ്പണിചെയ്ത് നാട്ടുകാരുടെ ബുദ്ധിമുട്ട് പരിഹരിക്കണം.

സന്തോഷ് കുമാർ, ഗുരുപ്രസാദം, കുണ്ടറ