ioc
സി.ഐ.ടി.യു.വിനും ഐ.ഒ.സി.പ്ലാന്റിനുമെതിരായ അപവാദ പ്രചരണങ്ങൾക്കെതിരെ പ്ലാന്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ബി.തുളസീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: പാരിപ്പള്ളി ഐ.ഒ.സി ഗ്യാസ് പ്ലാന്റിനും സി.ഐ.ടി.യുവിനുമെതിരെ ഒരുവിഭാഗം നടത്തുന്ന അപവാദപ്രചരണം അവസാനിപ്പിക്കണമെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ് ആവശ്യപ്പെട്ടു. കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു)​ പാരിപ്പള്ളി ഐ.ഒ.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്ലാന്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലാന്റിലെ താത്ക്കാലിക ജോലിക്കാരിയെ സ്ഥിരപ്പെടുത്താൻ യൂണിയൻ നേതാക്കൾ അഞ്ച് ലക്ഷം ആവശ്യപ്പെട്ടുവെന്ന വ്യാജപ്രചരണത്തിനെതിരേ പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കമ്പനി നിയമിക്കുന്ന ഇത്തരം കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ കഴിയില്ലെന്ന സത്യം നിലനിൽക്കവെയാണ് അപവാദപ്രചരണം നടത്തുന്നത്. മരംവെട്ട് തൊഴിലാളിയായ യുവാവ് മരിച്ചതോടെ ദുരിതത്തിലായ കുടുംബത്തെ സഹായിക്കാനാണ് ഭാര്യയ്ക്ക് സി.ഐ.ടി.യു ഇടപെട്ട് ക്ലീനിംഗ് വിഭാഗത്തിൽ താത്ക്കാലിക ജോലി ശരിയാക്കിയത്. തുടർച്ചയായി ജോലിയിൽ വീഴ്ചവരുത്തിയതിനെത്തുടർന്നാണ് കമ്പനി ഇവരെ പിന്നീട് പിരിച്ചുവിട്ടത്. ഈ സത്യം നിലനിൽക്കെയാണ് യൂണിയനും പ്ലാന്റിനും അപകീർത്തിയുണ്ടാക്കുന്ന പ്രചരണങ്ങളുമായി തൽപ്പരകക്ഷികൾ രംഗത്തെത്തിയതെന്നും തുളസീധരക്കുറുപ്പ് പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ജോണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സുനിൽ, നിഷാന്ത്,​ ഏരിയാസെക്രട്ടറി വി.രഘുനാഥൻ, വി.ഗണേഷ്, എ.സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.