കുന്നത്തൂർ: ചാറ്റൽ മഴ പെയ്താൽ പോലും റോഡ് പുഴയായി മാറുന്നത് പോരുവഴി കൊച്ചുതെരുവ് ജംഗ്ഷനിലെ കാഴ്ച്ചയാണ്. ചക്കുവള്ളി - കൊച്ചുതെരുവ് - ശാസ്താംനട റോഡിൽ മഴവെള്ളം ഒഴുകിപ്പോകാൻ ഓട ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
യാത്ര ചെയ്യാൻ അഭ്യാസം പഠിക്കണം
മഴ ശക്തമായാൽ പിന്നെ കൊടും വളവായ ജംഗ്ഷനിലൂടെ യാത്ര ചെയ്യാൻ അഭ്യാസമറിയണം ഇരുചക്ര വാഹന യാത്രികർ വെള്ളക്കെട്ടിൽ വീഴുന്നതും പതിവ് കാഴ്ചയാണ്. മഴയ്ക്ക് ശേഷം ജംഗ്ഷൻ പഴയപടിയാകാൻ ദിവസങ്ങളെടുക്കും. കടകളിൽ വെള്ളം കയറുന്നതിനാൽ ജംഗ്ഷനിലെ വ്യാപാരികളും വലയുകയാണ്.
ആരോട് പറയാൻ, ആര് കേൾക്കാൻ
നിരവധി തവണ റോഡിന്റെ അവസ്ഥയെക്കുറിച്ച് പറയാൻ എം.എൽ.എയെ സമീപിച്ചെങ്കിലും വെള്ളക്കെട്ടിന് പരിഹാരം കാണാൻ ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ആരോട് പറയാൻ, ആര് കേൾക്കാൻ എന്ന നിലയിലാണ് വെള്ളക്കെട്ടിനെ കുറിച്ച് നാട്ടുകാർ ചർച്ച ചെയ്യുന്നത്.