കൊല്ലം: വ്യാജ ഒപ്പും സീലുമിട്ട് കരുതൽ നിക്ഷേപം കാലാവധിക്ക് മുമ്പ് തട്ടിയെടുക്കാൻ രേഖകൾ ട്രഷറിയിൽ ഹാജരാക്കിയ കേസിൽ രണ്ട് കരാറുകാർക്ക് മുൻ‌കൂർ ജാമ്യം. കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജ് റോയ് വർഗീസാണ് കരാറുകാരായ സുധീർ, ഉല്ലാസ് കുമാർ എന്നിവർക്ക് ജാമ്യം നൽകിയത്. കോർപ്പറേഷന്റെ അമൃത് പദ്ധതിയിലുള്ള മരാമത്ത് പണികളുടെ കരാറുകാർ സൂപ്രണ്ടിംഗ് എൻജിനീയറുടെ വ്യാജ ഒപ്പും സീലുമിട്ട റിലീസിംഗ് ഓർഡറുകളും സ്ഥിര നിക്ഷേപ രസീതുകളും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജില്ലാ ട്രഷറിയിൽ ഹാജരാക്കിയെന്നാണ് കേസ്. കരാർ പ്രകാരമുള്ള പണികൾ പൂർത്തിയാക്കി പരിശോധനകൾ നടത്തിയ ശേഷമാണ് കരുതൽ പണം തിരികെ നൽകുന്നത്. എന്നാൽ, കാലാവധിക്ക് മുമ്പേ അക്കൗണ്ട് വിഭാഗം ചെക്കും റിലീസിംഗ് ഓർഡറും നൽകുകയായിരുന്നു. റിലീസിംഗ് ഓർഡർ കണ്ട് സംശയം തോന്നിയ ട്രഷറി ജീവനക്കാർ സൂപ്രണ്ടിംഗ് എൻജിനീയറെ വിവരം അറിയിച്ചു. തുടർന്ന് കോർപ്പറേഷൻ സെക്രട്ടറിയും എൻജിനീയറും നടത്തിയ പരിശോധനയിൽ തിരിമറികൾ കണ്ടെത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. കോർപ്പറേഷൻ ചീഫ് കാഷ്യർമാരായിരുന്ന ഡിനി ലത്തീഫ്, റെധുരാജ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. കരാറുകാർക്ക് വേണ്ടി അഡ്വ.ധീരജ് രവി, അഡ്വ. ഇഞ്ചക്കൽ പ്രമോദ് എന്നിവർ ഹാജരായി.