കൊല്ലം: ചവറ കെ.എം.എം.എൽ തൊഴിലാളികളുടെ ദീർഘകാല കരാറിന് സർക്കാർ അംഗീകാരം. 2017 മുതലുള്ള ദീർഘകാല കരാറിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
തൊഴിലാളികളുമായുണ്ടാക്കിയ കരാറിനനുസരിച്ച് 16 ശതമാനം ഫിറ്റ്മെൻ ബെനിഫിറ്റും 30 ശതമാനം ഡി.എയും 3000 രൂപ വരെയുള്ള സർവീസ് വെയിറ്റേജുമാണ് അടിസ്ഥാന ശമ്പളത്തോട് കൂട്ടിച്ചേർത്ത് പുതിയ അടിസ്ഥാന ശമ്പളമായി അനുവദിച്ചിട്ടുള്ളത്.
തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്ന ബഹുഭൂരിപക്ഷം സേവന വേതന വ്യവസ്ഥകളും അംഗീകരിച്ചാണ് കരാറിന് മന്ത്രിസഭ അംഗീകാരം നൽകിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കരാർ കാലാവധി നാല് വർഷമാണ്. തൊഴിലാളി സംഘടനകൾ അംഗീകരിച്ചത് പ്രകാരം പുതുക്കി നിശ്ചയിച്ച അധികവേതന മാനദണ്ഡം 2022 ജനുവരി മുതലാണ് ബാധകമാകുക. ഇൻക്രിമെന്റ് റേറ്റിൽ യാതൊരുവിധ മാറ്റവും വരുത്താതെയാണ് ഇതിന് അംഗീകാരം നൽകിയിട്ടുള്ളത്.
ദീർഘകാല കരാർ പ്രകാരമുള്ള ആനുകൂല്യങ്ങൾ റിക്കറബിൾ അഡ്വാൻസായി 2022 ഫെബ്രുവരി മുതൽ അനുവദിച്ച നടപടിയും സാധൂകരിച്ചു.