thozhil

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികളിലെ ഉഴപ്പന്മാരെ കുടുക്കാൻ മൊബൈൽ ഹാജർ കർശനമാക്കി. ഇനി ഹാജർ രേഖപ്പെടുത്തി വീട്ടിൽ പോയാൽ വേതനം കിട്ടില്ല. ജോലി ആരംഭിക്കുന്നതിന് മുൻപും ശേഷവും തൊഴിൽ സ്ഥലത്ത് നിന്ന് ഹാജർ രേഖപ്പെടുത്തണം.

കേന്ദ്രസർക്കാരിന്റെ നാഷണൽ മൊബൈൽ മോണിറ്ററിംഗ് സംവിധാനത്തിലാണ് ഹാജർ രേഖപ്പെടുത്തേണ്ടത്. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഹാജർ രേഖപ്പെടുത്തൽ കഴിഞ്ഞ മേയ് മുതലാണ് കർശനമാക്കിയത്.

തുടക്കത്തിൽ സ്മാർട്ട് ഫോൺ ഇല്ലാത്തതും ഗ്രാമങ്ങളിൽ മൊബൈൽ റേഞ്ച് കിട്ടാത്തതും തിരിച്ചടിയായെങ്കിലും പിന്നീട് കേരളത്തിൽ നൂറ് ശതമാനം തൊഴിലാളികളും നാഷണൽ മൊബൈൽ മോണിറ്റിംഗ് സംവിധാനത്തിന് കീഴിലായി. ഈ ഹാജർ പരിശോധിച്ചാണ് ഏഴ് ദിവസം കൂടുമ്പോൾ വേതനം നൽകുന്നത്. ഇതിലൂടെ ഓരോ ജോലിയിലും പങ്കെടുത്ത തൊഴിലാളികളുടെ എണ്ണം മനസിലാക്കാം. കൃത്യമായി വേതനം ലഭിക്കുന്നതിന് പുതിയ സംവിധാനം സഹായകരമാണ്.


ഒപ്പ് ചതിച്ചാലും ആപ്പ് ചതിക്കില്ല

 എൻ.എം.എം.എസ് ആപ്ലിക്കേഷനിലാണ് ഹാജർ രേഖപ്പെടുത്തുക

 ഗ്രൂപ്പ് ലീഡറായ മേറ്റിന് ആപ്ലിക്കേഷനിൽ അക്കൗണ്ട്

 ജോലി ആരംഭിക്കും മുമ്പ് തൊഴിലാളികളുടെ ഗ്രൂപ്പ് ഫോട്ടോയെടുക്കും

 മസ്റ്റർറോളിൽ തൊഴിലാളികളുടെ കാർഡ് നമ്പറിൽ ഹാജർ രേഖപ്പെടുത്തും

 ഇല്ലാത്തവർക്ക് 'x' ചിഹ്നം നൽകും

 തുടർന്ന് ഫോട്ടോ അപ്പ് ലോഡ് ചെയ്യും

 ജോലി അവസാനിക്കുമ്പോഴും ഇതേ പ്രവൃത്തി ആവർത്തിക്കും

 ഹാജർ രേഖപ്പെടുത്തുന്ന നമ്പർ തെറ്റിയാൽ വേതനം നഷ്ടപ്പെടും

ഒരു സമയം 50 പ്രവൃത്തികൾ

തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചത് കേന്ദ്രസർക്കാർ തിരുത്തിയത് തൊഴിലാളികൾക്ക് ആശ്വാസമായി. ഒരു പഞ്ചായത്തിൽ ഒരേസമയം 50 ഇടങ്ങളിൽ ജോലി ചെയ്യാമെന്നാണ് പുതിയ നിർദേശം. ഒരേസമയം 20 പ്രവൃത്തികൾ മാത്രമേ പാടുള്ളുവെന്നായിരുന്നു നേരത്തെ കേന്ദ്ര നിർദേശം. 20ന് മുകളിൽ വാർഡുകൾ ഉള്ളതിനാൽ കൊല്ലം ജില്ലയെ ഇത് പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയുണ്ടെങ്കിൽ കൂടുതൽ പ്രവൃത്തികൾ ഏറ്റെടുക്കാമെന്നതിനാൽ തൊഴിൽ ദിനങ്ങൾ നഷ്ടമായില്ല.

ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ - 180000

കഴിഞ്ഞ വർഷം പ്രവൃത്തിദിനം - 1 കോടി

100 പ്രവൃത്തി ദിനം ലഭിച്ചവർ - 66000

ശരാശരി ലഭിച്ച പ്രവൃത്തിദിനം - 66

ദിവസ വരുമാനം - 311

ജോലിക്ക് മുൻപും ശേഷവും മൊബൈലിൽ ഹാജർ രേഖപ്പെടുത്തുന്നവർക്കേ വേതനം ലഭിക്കൂ.

തൊഴിലുറപ്പ് അധികൃതർ