plastic

കൊല്ലം: കെട്ടിടങ്ങളുടെ ലൈസൻസ്, രജിസ്‌ട്രേഷൻ തുടങ്ങിയവയ്‌ക്കൊക്കെ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിയമം നടപ്പാക്കേണ്ട കൊല്ലം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരൊറ്റ കെട്ടിടത്തിലും ഇത്തരം നിയമങ്ങൾ പാലിക്കപ്പെടുന്നില്ല. ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കാനുള്ള ഇടമായി ചിലയിടത്തെ കെട്ടിടങ്ങൾ മാറുകയാണ്. ഇത്തരത്തിൽ പ്ലാസ്റ്റിക് സൂക്ഷിക്കുന്നത് അഗ്നിബാധയ്ക്ക് ആക്കം കൂട്ടാൻ മാത്രമേ ഉപകരിക്കു എന്നാണ് അഗ്നിസുരക്ഷാ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. ടൗൺ ഹാളുകൾ, സോണൽ ഓഫീസുകൾ എന്നിവ മാത്രമല്ല പ്രതിദിനം ആയിരത്തോളം പേരെത്തുന്ന നഗരസഭയുടെ ഭരണകേന്ദ്രമായ കോർപ്പറേഷൻ കെട്ടിടത്തിലും ഇത്തരം സുരക്ഷകളൊന്നും ഒരുക്കിയിട്ടില്ല. അടുത്തിടെ മേയറുടെ ഓഫീസിൽ തീപിടുത്തമുണ്ടായപ്പോഴും ഇവയുടെ പോരായ്മ തിരിച്ചറിഞ്ഞതാണ്. എന്നാൽ അഗ്നിസുരക്ഷയൊരുക്കുമെന്ന പ്രഖ്യാപനമല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ല. കോടികൾ ചിലവഴിച്ച് മോടികൂട്ടലും മറ്റും കോർപ്പറേഷൻ പരിധിയിൽ പലയിടത്തും നടക്കുന്നുണ്ടെങ്കിലും അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിൽ മെല്ലെപോക്ക് നയം തുടരുകയാണ്. കോർപ്പറേഷന്റെ ഉടമസ്ഥയിലുള്ള ആണ്ടാമുക്കത്തെ ജില്ലാ പി.എസ്.സി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പിൻവശത്ത് മാലിന്യം നിക്ഷേപിക്കുകയും യാതൊരു സുരക്ഷയുമില്ലാതെ അവ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യുന്നത് കോർപ്പറേഷന്റെ നേതൃത്വത്തിലാണെന്നതാണ് വിരോധാഭാസം.

# അഗ്നിസുരക്ഷയില്ലാത്ത കെട്ടിടങ്ങൾ

1. കോർപ്പറേഷൻ ഓഫീസ് കെട്ടിടം

2. കാവനാട് സോണൽ ഓഫീസ്

3. ഇരവിപുരം, കിളികൊല്ലൂർ, തൃക്കടവൂർ ഓഫീസുകൾ

4. അഞ്ചാലുംമൂട് ബ്ലോക്ക് ഓഫീസ് കെട്ടിടം

5. മുളങ്കാടകം, പോളയത്തോട് ശ്മശാന കെട്ടിടങ്ങൾ

6. ആരോഗ്യകേന്ദ്രങ്ങൾ

7. ചിന്നക്കട മുൻസിപ്പൽ കോംപ്ലക്സ്

8. ആണ്ടാമുക്കം ഓഫീസ് കോംപ്ലക്സ്

9. പോളയത്തോട് വ്യാപാര സമുച്ചയം

10. അഞ്ചാലുംമൂട് വ്യാപാര സമുച്ചയം

# കെട്ടിടങ്ങളിൽ അത്യാവശ്യമായവ

ഫയർ എക്സ്റ്റിംഗുഷർ, ഹൈഡ്രൻഡ് വാൽവ്, ഹോസ് ആൻസ് നോസിൽ, ഓട്ടോമാറ്റിക്ക് ഫയർ പമ്പ്, ഫയർ അലാം, സ്പ്രിംഗ്ലർ, ഫയർ ഡിറ്റക്ടർ, സ്മോക് ഡിറ്റക്ടർ ആൻഡ് മെക്കാനിക്കൽ സ്മോക്ക് എക്സ്ട്രാക്ടർ, സ്വയം പ്രകാശിക്കുന്ന എക്സിറ്റ് സ്റ്റിക്കർ, ബാറ്ററി സഹായമുള്ള അടിയന്തര ലൈറ്റുകൾ, കോണിപ്പടികളിൽ നിന്ന് പുറത്തേക്ക് അനായാസം കടക്കാൻ കഴിയുന്ന വാതിലുകൾ.