
പത്തനാപുരം : കല്ലടയാറ്റിലെ എലിക്കാട്ടൂർ കടവിൽ നിന്ന് കൃഷ്ണവാഹയെന്ന അപൂർവ മത്സ്യത്തെ കിട്ടിയ സന്തോഷത്തിലാണ് പ്രദേശവാസികളും സുഹൃത്തുക്കളുമായ റോയിയും ഷിബുവും.
ഏകദേശം അഞ്ച് കിലോയിലധികം തൂക്കം വരുന്ന മീനിന് എത്രവില നൽകിയാലും ആർക്കും നൽകില്ലെന്ന തീരുമാനത്തിലാണ് അവർ. എലിക്കാട്ടൂർ പാലത്തിനു സമീപമുള്ള റോയിയുടെ കടയിൽ ടാർപ്പോളിൻ ഷീറ്റു വിരിച്ച് ജലംനിറച്ച കുളത്തിലാക്കി പരിപാലിക്കുന്ന കൃഷ്ണവാഹയെ കാണാൻ നിരവധി പേരാണ് എത്തുന്നത്. പൂർണമായും മാംസഭുക്കായ കൃഷ്ണവാഹയ്ക്ക് തീറ്റയായി ആറ്റിൽനിന്നു പിടിക്കുന്ന ജീവനുള്ള മത്സ്യത്തെയാണ് നൽകുന്നത്. ചത്ത മത്സ്യത്തെ കഴിക്കില്ല. ജീവനുള്ളവയെ കുളത്തിലിടുമ്പോൾ വേട്ടയാടിപ്പിടിച്ച് ആഹാരമാക്കുകയാണ് പതിവ്.
കൂർത്ത പല്ലുകളുള്ള ഈ മത്സ്യം ആറ്റിലെ മറ്റ് മത്സ്യ ഇനങ്ങൾക്ക് ഭീഷണിയാണ്. ജലാശയത്തിന്റെ അടിത്തട്ടിലും പാറക്കെട്ടുകൾക്കിടയിലും ജീവിക്കുന്ന കൃഷ്ണവാഹ അപൂർവമായേ വലയിൽ കുടുങ്ങാറുള്ളു.
കൃഷ്ണവാഹ
മലബാർ സ്നേക്ക് ഹെഡ് എന്ന ആംഗലനാമമുള്ള കൃഷ്ണവാഹയുടെ ശാസ്ത്രനാമം 'ചന്ന ഡിപ്ലോഗ്രാമ' എന്നാണ്. വിവിധ കലയളവിൽ വിവിധ നിറങ്ങളിൽ കാണപ്പെടുന്ന ഇവയ്ക്ക് പുലിവാഹ, നീലവാഹ, മയിൽവാഹ, കരിവാഹ, പുള്ളിവാഹ, ചരൽവാഹ, മണൽവാഹ എന്നീ പേരുകളുമുണ്ട്.പൂർണവളർച്ചയെത്തുമ്പോൾ ഒന്നരമീറ്ററോളം വലുപ്പവും ഇരുപതുകിലോഗ്രാമോളം തൂക്കവും വരും.