
ചാത്തന്നൂർ: പൊതുമരാമത്ത് കരാറുകാരനിൽ നിന്ന് 15,000രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കല്ലുവാതുക്കൽ പഞ്ചായത്ത് അസി. എൻജിനിയർ ജോണി.ജെ.ബോസ്കോ വിജിലൻസ് പിടിയിലായി.കല്ലുവാതുക്കൽ പഞ്ചായത്തിലെ വിവിധ റോഡുകൾ കരാറെടുത്തിരുന്ന സജയന്റെ പരാതിയെ തുടർന്നായിരുന്നു നടപടി.
പഞ്ചായത്തിലെ പുത്തൻപാലം-പുതിയപാലം റോഡ് ടാറിംഗ് (4.5 ലക്ഷം),ചാവരുകാവ്-ചെറുകാവ് റോഡ് ടാറിംഗ് (4.5 ലക്ഷം),ഊഴായ്കോട്-വെട്ടിലഴികം റോഡ് കോൺക്രീറ്റിംഗ് (3.5 ലക്ഷം) എന്നീ കരാറുകൾ ബന്ധുവിന്റെ പേരിൽ കരാറെടുത്ത് ചെയ്തതിന്റെ ബില്ല് മാറുന്നതിന് 2 ശതമാനം തുകയായ 25,000രൂപ കമ്മിഷൻ ആവശ്യപ്പെട്ടെന്നാണ് സജയൻ വിജിലൻസിൽ പരാതി നൽകിയത്.തുടർന്ന് ഇതിന്റെ ആദ്യഗഡുവായി നൽകാൻ നോട്ടുകളുടെ ക്രമനമ്പർ രേഖപ്പെടുത്തി ഫിനോഫ്തലിൻ പുരട്ടിയ 15,000രൂപ വിജിലൻസ് നൽകി.2000ത്തിന്റെ ഏഴ് നോട്ടുകളും 500ന്റെ രണ്ടു നോട്ടുകളുമാണ് രാസവസ്തു പുരട്ടി നൽകിയത്. മഫ്‌ത്തിയിലായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ ഉച്ചയോടെ പഞ്ചായത്ത് ഓഫീസിൽ എ.ഇ.യുടെ കാബിനിൽ വച്ച് പണം കൈമാറവേ അറസ്റ്റ് ചെയ്യുകയായിരുന്നു.