photo
ശബരിമല തീർത്ഥാടനങ്ങളുടെ മുന്നോടിയായി പുനലൂർ പൊതുമരാമത്ത് വകുപ്പിൻെറ റസ്റ്റ് ഹൗസിൽ ചേർന്ന ജന പ്രതിനിധികളുടെയും, വിവിധ ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ സംസാരിക്കുന്നു.പി.എസ്.സുപാൽ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സമീപം.

പുനലൂർ: പുനലൂരിൽ ശബരിമല തീർത്ഥാടകർക്ക് വിശ്രമിക്കാനും മറ്റും ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ ഇടത്താവളം വേണമെന്ന ആവശ്യം ഗൗരവത്തോടെ പരിഗണിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിനെ സംബന്ധിച്ച് പുനലൂർ പൊതുമാരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിൽ ചേർന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി..എസ്.സുപാൽ എം.എൽ.എ സംയുക്ത യോഗത്തിൽ അദ്ധ്യക്ഷനായി.നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, പഞ്ചായത്ത് പ്രസിഡന്റുമായ കെ.ശശിധരൻ, സുജതോമസ്, പുനലൂർ ആർ.ഡി.ഒ.ബി.ശശികുമാർ, ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ,ഫയർ ഫോഴ്സ് അസി.സ്റ്റേഷൻ ഓഫീസർ സാബു,ജോയിന്റ് ആർ.ടി.ഒ.ഷെറീഫ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ സംസാരിച്ചു.

സൗകര്യങ്ങൾ മെച്ചപ്പെടുത്തും

കൊവിഡ് മുക്തമായ അന്തരീക്ഷത്തിൽ ശബരിമല സീസണിലെത്തുന്ന ഭക്തർക്ക് നിലവിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി നൽകും. അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രങ്ങൾക്ക് പുറമെ തീർത്ഥാടകർ കൂടുതൽ എത്തുന്ന പുനലൂർ ടി.വി.ജംഗ്ഷനിലുമാണ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത്. ഇതിന് പൊലീസ്, ആരോഗ്യം,ഫയർഫോഴ്സ്,റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകൾക്ക് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധസംഘടകൾ തുടങ്ങിയവയുടെ സഹകരണമുണ്ടാകും.

അപകട സൂചന ബോർഡുകൾ

അപകടമേഖലയായ കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുളള സ്ഥാലങ്ങളിൽ വിവിധ ഭാക്ഷകളിൽ അപകട സൂചന ബോർഡുകൾ സ്ഥാപിക്കണം. കൊവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിൽ പുനലൂരിലും സമീപത്തെ ക്ഷേത്രങ്ങളിലുമെത്തുന്ന അയ്യപ്പ ഭക്തർക്ക് ആര്യോഗ്യ വകുപ്പ് മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കി നൽകണം.

മരങ്ങൾ മുറിച്ച് നീക്കണം

ആര്യങ്കാവ് ശാസ്താക്ഷേത്രത്തിന് സമീപത്തെ ദേശീയ പാതയോരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ ദേവസ്വം ബോർഡിന്റെ കെട്ടിടങ്ങൾക്ക് മുകളിൽ വീഴാനുള്ള സാദ്ധ്യതയുണ്ടെന്നും അത് മുറിച്ച് നീക്കണമെന്നും പാതയോരങ്ങളിൽ ഉപേക്ഷിച്ചിരിക്കുന്ന മരക്കഷണങ്ങൾ അപകടങ്ങൾ ഉണ്ടാക്കുമെന്ന് ആര്യങ്കാവ് പഞ്ചായത്ത് സുജതോമസ് മന്ത്രിയെ ധരിപ്പിച്ചതിനെ തുടർന്ന് ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് ഡി.എഫ്.ഒ.ഷാനവാസ് ഉറപ്പ് നൽകി.

ശബരിമല തീർത്ഥാടകർ കടന്ന് പോകുന്ന അലിമുക്ക്-അച്ചൻകോവിൽ വന പാതയിൽ വന്യമൃഗശല്യം ഉണ്ടെന്ന് കാണിച്ച് ബോർഡുകൾ സ്ഥാപിച്ചു. ഇത് കൂടാതെ വന പാതയിൽ 24 മണിക്കൂറും പെട്രോളിംഗ് നടത്തുമെന്നും ഡി.എഫ്.ഒ അറിയിച്ചു.

പ്രത്യേക പരിശോധനകൾ
പുനലൂർ ടൗൺ, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ ജംഗ്ഷനുകൾക്ക് പുറമെ ശാസ്താക്ഷേത്ര പരിസരങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകൾ ആരംഭിക്കുമെന്ന് എക്സൈസ് അസി.കമ്മിഷണർ റോബർട്ട് യോഗത്തിൽ അറിയിച്ചു. ഭക്തജന തിരക്കേറുന്ന അയ്യപ്പ ക്ഷേത്രങ്ങൾക്ക് പുറമെ പുനലൂർ ടി.ബി.ജംഗ്ഷനിലും സീസണിൽ കൂടുതൽ പൊലീസുകാരെ പോസ്റ്റു ചെയ്യുന്നതിനൊപ്പം പൊലീസ് ഔട്ട്പോസ്റ്റും സ്ഥാപിക്കുമെന്ന് കൂടുതൽ സ്പെഷ്യൽ പൊലീസിനെ നിയോഗിക്കാൻ നടപടികൾ ഉണ്ടാകണമെന്നും ഡിവൈ.എസ്.പി ബി.വിനോദ് അറിയിച്ചു.

വിവിധ വകുപ്പുകളെ ഏകോപിച്ച് വ്യാപാരശാലകളിലും മറ്റും പരിശോധനകൾ നടത്താൻ സ്ക്വാഡുകൾ രൂപികരിച്ചിട്ടുണ്ടെന്ന് ജില്ല സിവിൽ സപ്ലൈ ഓഫീസർ മോഹൻ കുമാർ മന്ത്രിയെ അറിയിച്ചു.