കൊല്ലം: ഗിനിയയിൽ നാവികസേനയുടെ പിടിയിലായ ഹീറോയിക് ഐഡം എന്ന കപ്പലിലെ മൂന്നു മലയാളികൾ ഉൾപ്പെടെയുള്ള 26 ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറുമെന്ന് ഗിനി പട്ടാളം ആവർത്തിച്ചു.
ബുധനാഴ്ച രാത്രി എഴോടെ മൂന്നു മലയാളികൾ ഉൾപ്പെടെ 15 കപ്പൽ ജീവനക്കാരെ ബോട്ടിൽ കയറ്റി നൈജീരിയയ്ക്ക് കൈമാറാനായി ഗിനിയിലെ മലാമോ തുറമുഖം വരെ കൊണ്ടുപോയിരുന്നു. അതിലുണ്ടായിരുന്ന ശ്രീലങ്കൻ സ്വദേശി ഇതിനിടെ കുഴഞ്ഞുവീണതോടെ ഗിനിയിലെ
എ.കെ.പി.ഒ ടെർമിനലിനു സമീപത്തെ ലൂബ തുറമുഖത്തേക്ക് ബാക്കിയുള്ള 14 പേരെ എത്തിക്കുകയായിരുന്നു.
ശ്രീലങ്കൻ സ്വദേശി മലാമോ തുറമുഖത്തിന് അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. അദ്ദേഹം ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ ലൂബ തുറമുഖത്തിലെത്തിച്ച് എല്ലാവരെയും ഒരുമിച്ച് നൈജീരിയയ്ക്ക് കൈമാറുമെന്നാണ് ഗിനി സേന കപ്പൽ ജീവനക്കാരോട് പറഞ്ഞിരിക്കുന്നത്.
26 കപ്പൽ ജീവനക്കാരെ ഗിനി സേന കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് രണ്ടു സംഘങ്ങളായി തിരിച്ചത്. 11 പേർ ഇപ്പോഴും ഹീറോയിക് ഐഡം എന്ന കപ്പലിൽ തുടരുകയാണ്. രണ്ടു സംഘങ്ങളിലും ഇന്ത്യക്കാരുണ്ട്.
തടവിലായവരുടെ പേടി
ഗിനി പട്ടാളം ആവശ്യപ്പെട്ട പ്രകാരം 20 ലക്ഷം ഡോളർ പിഴയായി കപ്പൽ കമ്പനി കൈമാറിയിരുന്നു. നൈജീരിയയുടെ സമുദ്രാതിർത്തിയിൽ നിന്ന് ക്രൂഡ് ഓയിൽ മോഷ്ടിച്ചതിന് പ്രത്യേക നിയമനടപടി നേരിടണമെന്നാണ് ഗിനി പട്ടാളത്തിന്റെ ആവശ്യം. ആ നിലയിൽ നൈജീരിയിലെത്തപ്പെട്ടാൽ മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വരുമെന്നാണ് കപ്പൽ ജീവനക്കാർ ആശങ്കപ്പെടുന്നത്.