കൊല്ലം: പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുകയും ആരോഗ്യകരമായ ജീവിതത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളുടെ കൂട്ടായ്മയും വയനാട് കേന്ദ്രമായ ഹീലിന്റെയും നേതൃത്വത്തിൽ കൊല്ലം ബീച്ചിൽ 13ന് ഡയബ​റ്റിക് ഈവ് ആഘോഷവും 14ന് ലോക പ്രമേഹ ദിനാചരണവും നടത്തും.

ഹീൽ നിർദേശങ്ങൾ പാലിച്ച് പ്രമേഹത്തെ അതിജീവിച്ച നൂറിലധികം പ്രവർത്തകർ, വിദഗ്ദ്ധരായ ലാബ് ടെക്‌നീഷ്യന്മാരുടെ സഹകരണത്തോടെ 13ന് ഉച്ചയ്ക്ക് ശേഷം ബീച്ചിലെത്തുന്ന പൊതുജനങ്ങൾക്ക് സൗജന്യ രക്ത പരിശോധന നടത്തും. ശാസ്ത്രീയ സ്വയം രക്ത പരിശോധന പഠിപ്പിക്കും. തുടർന്ന് രോഗമുക്തിക്കുള്ള നിർദേശങ്ങൾ വിദഗ്ദ്ധരായ ഡോക്ടർമാർ നൽകും. മധുരം കഴിച്ച് പ്രമേഹ നിയന്ത്റണം എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പായസ വിതരണവുമുണ്ടാകും. അംഗപരിമിതരായ മൂന്ന് വ്യക്തികൾക്ക് കൃത്രിമ കാലും എട്ട് പേർക്ക് വീൽ ചെയറും നൽകും.

വൈകിട്ട് 4ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ചലച്ചിത്ര സംവിധായകനും ചിത്രകാരനും ശില്പിയുമായ രാജീവ് അഞ്ചൽ, ജൈവകൃഷി, പരിസ്ഥിതി പ്രവർത്തകനും മഹാത്മാഗാന്ധി സർവകലാശാല ലൈഫ് ലോംഗ് ലേണിംഗ് ഫാക്കൽട്ടിയുമായ കെ.വി.ദയാൽ എന്നിവരെ ആദരിക്കും. ഡോ. എം.വി.പ്രസാദ് അദ്ധ്യക്ഷനാകും. എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ചിന്ത ജറോം, സി​റ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്, എ.സി.പി സോണി ഉമ്മൻ കോശി എന്നിവർ പങ്കെടുക്കും. തുടർന്ന് ഗായകൻ മനോജ് പത്മനാഭൻ ബംഗളൂരു, സൂഫി ഗായിക അനിത ഷേക്ക് എന്നിവരുടെ ഗാനസന്ധ്യ.

മുൻ ചീഫ് ഇലക്ഷൻ കമ്മിഷണറും റിട്ട. ജില്ലാ ജഡ്ജിയുമായ മോഹൻ ദാസ് രക്ഷാധികാരിയും ജീവിത ശൈലി രോഗങ്ങളുടെ വിമുക്തിയിലൂടെ നൂറുകണക്കിന് വ്യക്തികളെ ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരികെയെത്തിച്ച ഡോ. എം.വി. പ്രസാദ് പ്രസിഡന്റും രഞ്ജിത്ത് ബോസ് സെക്രട്ടറിയുമായ ഏഴംഗ സമിതിയുടെ നേതൃത്വത്തിലുള്ള ഹീൽ സംഘടനയിൽ സംസ്ഥാനത്ത് 200ഓളം അംഗങ്ങളാണുള്ളതെന്ന് സംഘാടക സമിതി കൺവീനർ ജി.പ്രകാശ് അറിയിച്ചു.