കൊല്ലം: കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ കഴിഞ്ഞമാസം 17ന് കെ.എസ്.യു പ്രവർത്തകരുമായുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജ് എസ്.സുബാഷ് മുൻകൂർ ജാമ്യം അനുവദിച്ചു.
ഉച്ചയ്ക്ക് 2ന് കോളേജ് ഗേറ്റിന്റെ മുൻവശം കെ.എസ്.യു നേതാവ് ജോഷ്‌ന ജോൺസണെ തടഞ്ഞുനിറുത്തി ഷാൾ വലിച്ചെടുത്ത് ദേഹോപദ്രവം ഏൽപ്പിച്ചെന്ന പരാതിയിൽ എസ്.എഫ്.ഐ പ്രവർത്തകരായ വിഷ്ണു, അലീം, അഭിജിത് എന്നിവർക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ആക്രമണത്തിനൊപ്പം സ്ത്രീത്വത്തെ അപമാനിക്കൽ കൂടി ചുമത്തിയായിരുന്നു കേസ്. എന്നാൽ ഒരു സ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചതുകൊണ്ടുമാത്രം സ്ത്രീത്വത്തെ അപമാനിച്ചതായി കണക്കാക്കാൻ കഴിയില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ അഡ്വ.പാരിപ്പള്ളി ആർ.രവീന്ദ്രൻ, അഡ്വ.ധീരജ്.ജെ.റൊസാരിയോ അഡ്വ. പി.എസ്.അഞ്ജലി എന്നിവർ ഹാജരായി.