ചവറ : "നമ്മുടെ കുട്ടികൾ വായിച്ച് വളരട്ടെ അവർ നാളെയുടെ വാഗ്ദാനങ്ങളാണ്" എന്ന സന്ദേശമുയർത്തി പു.ക.സ വടക്കുംതല വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പുസ്തക സഞ്ചയത്തിന്റെ ഭാഗമായുള്ള വായനാക്കുറിപ്പ് മത്സരം ആരംഭിച്ചു.
500 മത്സരാർത്ഥികൾ പങ്കെടുക്കുന്ന വായനാ കുറിപ്പ് മത്സരത്തിൽ മികച്ചത് കണ്ടെത്തി എൽ.പി,യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ സഞ്ചയ പുരസ്കാരം നൽകും. പുരോഗമന കലാസാഹിത്യ സംഘം കൊല്ലം ജില്ലാ സെക്രട്ടറി ഡോ.സി ഉണ്ണികൃഷ്ണൻ വിദ്യാലയങ്ങളിലെത്തി ജേതാക്കൾക്ക് സമ്മാനം നൽകും.
പുസ്തക സഞ്ചയത്തിലൂടെ എഴുത്തുകാരിൽ നിന്നും വായനക്കാരിൽ നിന്നും വായിച്ചൊഴിച്ച മൂവായിരത്തിലധികം പുസ്തകങ്ങൾ ശേഖരിച്ച് വടക്കുംതല വില്ലേജിലെ ഏഴുവിദ്യാലയങ്ങളിൽ പുസ്തകങ്ങളും അലമാരയും നൽകി അക്ഷരക്കൂടുകൾ സ്ഥാപിച്ചു.
മത്സരാർത്ഥികൾക്ക് 10 ദിവസമാണ് പുസ്തകം വായിക്കാൻ സമയം നൽകിയത്.
മൊബൈൽ ഫോണുകളിലേക്ക് പുതിയ തലമുറ ചുരുങ്ങിപോകുന്ന സമകാലിക പരിസരത്തിൽ വായനയെ നവ്യാനുഭവമാക്കാനും ശേഖരിച്ച പുസ്തകങ്ങൾ കുട്ടികൾ വായിച്ചുവെന്ന് ഉറപ്പുവരുത്താനും പുസ്തക സഞ്ചയം എന്ന പദ്ധതിയിലൂടെ സാധിച്ചെന്ന് പു.ക.സ ഭാരവാഹികളായ കെ.ജെ.നിസാർ, കെ.എ.അഹമ്മദ് മൻസൂർ എന്നിവർ പറഞ്ഞു.