jangar
പട്ടംതുരുത്ത് - പെരുമൺ ജങ്കാർ സർവീസ് ( ഫയൽ ചിത്രം)​

 വഴിമുട്ടി മൺട്രാേതുരുത്തുകാർ

കൊല്ലം: മൺട്രാേതുരുത്തുകാരെ പെരുവഴിയിലാക്കി പട്ടംതുരുത്ത് - പെരുമൺ ജങ്കാർ സർവീസ് നിലച്ചു. ജങ്കാർ യാത്രയെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാർ ഇതോടെ ദുരിതത്തിലായി.

മൺട്രാേതുരുത്തുകാർ കൊല്ലത്ത് വേഗത്തിലെത്താൻ ആശ്രയിച്ചിരുന്നത് ജങ്കാറിനെയാണ്. സർവീസ് നിലച്ചതോടെ ചിറ്റുമല, കുണ്ടറ വഴി 30 കിലോമീറ്റർ സഞ്ചരിച്ചു വേണം ഇനി കൊല്ലത്തെത്താൻ. ജങ്കാർ വഴി ആണെങ്കിൽ 13 കിലോമീറ്റർ മതിയാകും. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും വ്യാപാരികളും ടൂറിസ്റ്റുകളുമെല്ലാം മൂന്നു ദിവസമായി ജങ്കാർ സൗകര്യമില്ലാതെ വലയുകയാണ്.

പട്ടംതുരുത്ത് കടവിൽ ചെളിയും മണ്ണും നിറഞ്ഞ് കായലിന്റെ ആഴം കുറയുകയും ജങ്കാറിന്റെ അടിഭാഗം മണ്ണിൽ തട്ടി കേടാവുന്നതാണ് സർവീസ് നിർത്തി വയ്ക്കാൻ കാരണം. ആഴം കുറവായതിനാൽ ജങ്കാർ മണ്ണിൽ ഇരുന്നു പോകുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഒരു അണ പോലെ മണ്ണ് ഉയർന്നു നിൽക്കുന്നതാണ് ഇവിടത്തെ പ്രശ്നം.

ജങ്കാർ തിരിക്കുന്നതിനിടെ അടി ഇടിച്ച് ഫൈബറിന് അടുത്തിടെ തകരാർ സംഭവിച്ചിരുന്നു. ഇതേ തുടർന്ന് ജങ്കാറിന്റെ അറ്റകുറ്റപ്പണികൾക്കായി 30,000 രൂപയായി. മൺപുറ്റിൽ അടി ഇടിക്കുന്നതു കാരണം നിരന്തരം ജങ്കാറിന് അറ്റകുറ്റപ്പണി വേണ്ടി വരുന്നു. സാധാരണ മൂന്നു വർഷം കൂടുമ്പോൾ ടെസ്റ്റിംഗ് നടത്താൽ മതി. എന്നാൽ,​ ഒരു വർഷം മുമ്പ് പണി ചെയ്ത് ഇറക്കിയ ജങ്കാറിനാണ് വീണ്ടു കേടുവന്നിരിക്കുന്നത്.

.......................................................................................................

 ജങ്കാർ സർവീസ് രാവിലെ 7 മുതൽ രാത്രി 8 വരെ

പഞ്ചായത്തിന് ലഭിക്കുന്ന വരുമാനം വാടക 7500 രൂപ

 കൂടാതെ 4 പേരുടെ 950 രൂപ വീതം പ്രതിവർഷ തൊഴിൽ നികുതി

........................................

ജങ്കാറിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. മണൽ നീക്കിയില്ലെങ്കിൽ വീണ്ടും തകരാർ ഉണ്ടാവും. തുടർച്ചയായി നഷ്ടം സഹിച്ച് ഓടാനാവില്ല.

ജങ്കാർ ഉടമ

...............................................

ഡ്രഡ്ജ് ചെയ്ത് മണ്ണ് നീക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്