കരുനാഗപ്പള്ളി: തുലാവർഷം തകർത്ത് പെയ്യുമ്പോഴും കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന തഴത്തോടുകളിലൂടെയുള്ള നിരൊഴുക്ക് നിലച്ചു. മഴ വെള്ളവും വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളവും തഴത്തോടുകളിൽ കെട്ടി നിൽക്കുന്നതിനാൽ പ്രദേശവാസികളുടെ ജീവിതം ദുരിത പൂർണമായി. നിലവിൽ തഴത്തോടുകൾ പൂർണമായും കുളവാഴയും പച്ചപ്പടർപ്പുകളും കൊണ്ട് മൂടിയതാണ് വെള്ളമൊഴുക്ക് നിലയ്ക്കാൻ കാരണമാകുന്നത്.
മാലിന്യങ്ങൾ നീക്കം ചെയ്യണം
തഴത്തോടുകളിലെ വെള്ളം കാണാൻ കഴിയാത്ത വിധം കാട് മൂടി. വെള്ളമൊഴുക്കിന് തടസം സൃഷ്ടിക്കുന്ന കുളവാഴ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തെങ്കിൽ മാത്രമേ സമീപ പ്രദേശങ്ങളെ വെള്ളക്കെട്ടിൽ നിന്ന് മോചിപ്പിക്കാൻ കഴിയുകയുള്ളു. കരുനാഗപ്പള്ളിയുടെ കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിൽ തഴത്തോടുകൾക്കുള്ള പങ്ക് നിർണായകമാണ്. കരുനാഗപ്പള്ളിയുടെ തീരങ്ങളെ വെള്ളക്കെടുതിയിൽ നിന്ന് സംരക്ഷിക്കുന്നതും തഴത്തോടുകളാണ്. മുമ്പ് ഒരിക്കൽപ്പോലും ഉണ്ടാകാത്ത വിധത്തിലാണ് തഴത്തോടുകൾ പുൽക്കാടുകൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നത്.
തോടിന്റെ ആഴം കൂട്ടണം മാലിന്യങ്ങൾ വലിച്ചെറിയരുത്
എല്ലാ വർഷവും മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് തോടുകൾ വൃത്തിയാക്കാറുണ്ട്. തോടിന്റെ കരയ്ക്ക് നിന്നു കൊണ്ട് മൺവെട്ടി തോട്ടിലേക്ക് ഇട്ട് പുൽക്കാടുകൾ കരയിലേക്ക് വലിച്ചിടാറാണ് പതിവ്. ഇതുകൊണ്ടൊന്നും തോടുകൾ വൃത്തിയാവുകയില്ല. മുൻസിപ്പാലിറ്റിയെ ഒരു യൂണിറ്റായി എടുത്ത് ഹിറ്റാച്ചി പോലുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് തോടുകൾ വൃത്തിയാക്കണം. എങ്കിൽ മാത്രമേ തോടിന്റെ ആഴം വർദ്ധിപ്പിച്ച് സംരക്ഷിക്കാൻ കഴിയുകയുള്ളും. ഒപ്പം തന്നെ തോടിന്റെ വശങ്ങളിൽ താമസിക്കുന്നവർ മാലിന്യങ്ങൾ തോടുകളിലേക്ക് വലിച്ചെറിയുന്നത് തടയണം. ഇതിലൂടെ മാത്രമേ തോടുകളെ പൂർണമായും സംരക്ഷിക്കാൻ കഴിയുകയുള്ളു.