artist-
അതിവേഗ ചിത്രകാരൻ ജിതേഷ് ജി. ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ ശ്രീ.എ.ആർ. സുൽഫിക്കറിന്റെ ചിത്രം വരയ്ക്കുന്നു

കരുനാഗപ്പള്ളി: ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ നർമ്മം ചാലിച്ച സചിത്രപ്രഭാഷണത്തിനൊപ്പം ബോധന വരയരങ്ങുമായി അതിവേഗ ചിത്രകാരൻ ജിതേഷ്ജി കരുനാഗപ്പള്ളിയിൽ എക്സൈസ് റേഞ്ച് ഓഫീസിൽ നടത്തിയ ഇൻഫോടെയിൻമെന്റ് പ്രോഗ്രാം ശ്രദ്ധേയമായി. സിനിമയിലെ പല രംഗങ്ങളും കാണാനും ആസ്വദിക്കാനും മാത്രമുള്ളതാണെന്നും അനുകരിക്കാനുള്ളതല്ലെന്നും ഓർമ്മിപ്പിച്ചു കൊണ്ട് ജിതേഷ്ജി കെ.ജി.എഫ് സിനിമയിലെ നായകൻ റോക്കി ഭായി എന്ന യാഷിന്റെ ചിത്രം മിന്നൽ വേഗത്തിൽ വരച്ചു. ഒപ്പം റോക്കി ഭായിയെ അനുകരിച്ച് ഒറ്റയടിക്ക് ഒരുപായ്കറ്റ് സിഗരറ്റ് വലിച്ചു തീർത്ത ഹൈദരാബാദിലെ സ്‌കൂൾ വിദ്യാർത്ഥിക്കുണ്ടായ ദുരന്തം നുറുങ്ങു കഥയാക്കി സദസിനെ ഉദ്ബോധിപ്പിച്ചു.
കടുത്ത ലഹരി ഉപയോഗം മൂലം അകാലത്തിൽ പൊലിഞ്ഞുപോയ വിശ്വ പ്രസിദ്ധരായ ആളുകളെ വേഗവരയിൽ അവതരിപ്പിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ ജിതേഷ്‌ജി സചിത്ര പ്രഭാഷണം തുടർന്നപ്പോൾ പ്രേക്ഷകർക്കത് വേറിട്ട അനുഭവമായി.
വിനോദവും വിജ്ഞാനവും വിസ്മയവും സമന്വയിപ്പിച്ച ഇന്ററാക്ടീവ് മോട്ടിവെഷണൽ ശൈലിയാണ് ജിതേഷ്ജിയുടെ വരയരങ്ങിന്റെ രീതി.
ഗാന്ധിജിയും ഷെയ്ക്സ്പിയറും ഒബാമയുമുൾപ്പെടെയുള്ള വലിയവരുടെ മഹത് സന്ദേശങ്ങൾ ലളിതമായ
വേഗവരയുടെ മാസ്മരികതയിൽ പൊതിഞ്ഞു നർമ്മ ഭാവേന നൽകുകയാണ് ജിതേഷ്ജി. സ്പിരിറ്റ്‌ സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തെയും മാസ്റ്റർ സിനിമയിലെ വിജയ്‌യെയുമൊക്കെ ലഹരിക്കെതിരായ സന്ദേശങ്ങളിൽ ചാലിച്ച് വരച്ചു. ന്യൂ ജനറേഷന്റെ എനർജിയെ ലഹരിക്ക് വിഴുങ്ങാൻ കൊടുക്കാതെ സർഗാത്മകതയിലൂടെ എങ്ങനെ വഴിതിരിച്ചു വിടാമെന്നു ലളിതമായി ചിത്രീകരിക്കുകയും ചെയ്തു. ഇൻഫോടെയിന്മെന്റ് പ്രോഗ്രാമിൽ ജോയിന്റ് എക്സൈസ് കമ്മിഷണർ (ദക്ഷിണ മേഖല) എ.ആർ സുൽഫിക്കറിന്റെ ചിത്രം വരച്ചു കൊണ്ട് പരിപാടി അവസാനിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ. പി.എൽ.വിജിലാൽ പരിപാടിക്ക് നേതൃത്വം കൊടുത്തു