sand
ചാത്തന്നൂർ പൊലീസ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന മണലും പാറയും കടത്തിയതിൽ ഒരു ഭാഗം തിരിച്ചിറക്കിയ നിലയിൽ

 ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ടതോടെ ഒരു ഭാഗം തിരികെ എത്തിച്ചു

ചാത്തന്നൂർ: അസി.കമ്മിഷണർ ഓഫീസ് അടക്കം സ്ഥിതിചെയ്യുന്ന ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന് പാറയും മണലും കടത്തി. ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിനെത്തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ കടത്തിയതിൽ ഒരു ഭാഗം തിരികെ എത്തിച്ചു.

വർഷങ്ങൾക്കു മുമ്പ് മണൽ കടത്തു കേസുകളിൽ പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന മണലാണ് നാലു ലോഡോളം കടത്തിയത്.

ഇന്നത്തെ വിപണി വില അനുസരിച്ച് ഇതിന് ഒന്നേകാൽ ലക്ഷത്തോളം വിലവരും. ഇതിന് പുറമേ,​ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന്റെ മതിൽ പൊളിച്ചു മാറ്റിയപ്പോൾ അസ്ഥിവാരത്തിൽ നിന്ന് കിട്ടിയ അഞ്ച് ലോഡോളം പാറയും സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്നു. ഇതിൽ നിന്ന് മൂന്നു ലോഡ് പാറ കടത്തിയതായാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടതോടെ ഇതിൽ ഒരു ലോഡ് പാറയും ഒരു ലോഡ് മണലും തിരികെ എത്തിച്ച് കടത്തുകാർ തടിതപ്പി.

സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത വാഹനത്തിൽ നിന്ന് ബാറ്ററി അടക്കം നഷ്ടമായതിന്റെയും നൂറിലേറെ വ്യാജ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തവയിൽ നിന്ന് 20 ഓളം എണ്ണം കാണാതായതിന്റെയും ചരിത്രം ചാത്തന്നൂർ പൊലീസ് സ്റ്റേഷനുണ്ടെന്ന് ഒരു മുൻ പൊലീസ് ഓഫീസർ സാക്ഷ്യപ്പെടുത്തുന്നു.

പൊലീസിലെ ചിലരുടെ ഒത്താശയോടെയാണ് മണലും പാറയും കടത്തിയതെന്ന് ആരോപണമുയർന്നിട്ടുണ്ട്. ആഴ്ചകൾക്കു മുമ്പ് ഇതേ രീതിയിൽ ചാത്തന്നൂർ സ്പിന്നിംഗ് മിൽ വളപ്പിൽ നിന്ന് നിരവധി ലോഡ് പാറയും മണ്ണും കടത്തിയിരുന്നു. അന്ന് സി.പി.എം പ്രവർത്തകർ ഇടപെട്ട് സിറ്റി പൊലീസ് കമ്മിഷണർക്കും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിനും പരാതി നൽകിയതോടെയാണ് കടത്ത് അവസാനിച്ചത്. നൂറുകണക്കിന് ലോഡ് മണ്ണാണ് ഓരോ ദിവസവും ദേശീയപാത വികസനത്തിന്റെ പേരിൽ മാഫിയ കടത്തുന്നത്.

പാറയിൽ അവകാശമില്ല

മണൽ തൊണ്ടിയുമല്ല

അതേസമയം,​ ദേശീയപാതയ്ക്കു വിട്ടുകൊടുത്ത സ്ഥലത്തെ മതിലിൽ നിന്ന് ഇളക്കിയെടുത്ത പാറയിൽ പൊലീസിന് അവകാശം ഇല്ലെന്നും അങ്ങനെ കൊടുക്കൽ വാങ്ങലുണ്ടെങ്കിൽ അത് സംസ്ഥാന സർക്കാരും ദേശീയപാത അതോറിട്ടിയും തമ്മിലാകട്ടെ എന്നുമാണ് ചാത്തന്നൂർ അസി.കമ്മിഷണർ ബി.ഗോപകുമാർ പ്രതികരിച്ചത്. വർഷങ്ങൾക്കു മുമ്പ് മണൽകടത്തിന് പിടിച്ചെടുത്ത ലോറികളിലുണ്ടായിരുന്ന മണൽ തൊണ്ടിമുതലല്ലെന്നും കേസ് അവസാനിച്ചതോടെ വാഹനം വിട്ടുകൊടുത്തപ്പോൾ വാഹനഉടമകൾ ഉപേക്ഷിച്ച മണലാണ് സ്റ്റേഷൻ വളപ്പിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.