പടിഞ്ഞാറെ കല്ലട: പഞ്ചായത്തിലെ പ്രധാന പി.ഡബ്ല്യു.ഡി റോഡായ കാരാളിമുക്ക് , വളഞ്ഞ വരമ്പ് , തോട്ടത്തിൽ കടവ് റോഡിന്റെ വശങ്ങൾ കണ്ടാൽ വനമേഖലയാണെന്ന് തോന്നും. കാടിറങ്ങി റോഡുമൂടായിട്ടും അധികൃതർക്ക് കണ്ടഭാവമില്ല. മാസങ്ങളായി ഇതേ അവസ്ഥയാണ്. 2018 ൽ കിഫ് ബി പദ്ധതി പ്രകാരം നവീകരണജോലികൾ ആരംഭിച്ച റോഡിന്റെ മിക്ക സ്ഥലങ്ങളിലെയും അറ്റകുറ്റപ്പണികൾ ഇന്നേവരെ പൂർത്തീകരിച്ചിട്ടില്ല. റോഡിന്റെ പരിപാലന ചുമതല ആർക്കെന്നറിയാത്ത വിഷമത്തിലാണ് നാട്ടുകാർ.
മുൾച്ചെടികളും വിഷപ്പാമ്പും
റോഡിന്റെ ഉയരം വർദ്ധിപ്പിച്ചതോടെ വശങ്ങൾ നികത്തുവാൻ കൊണ്ടിട്ട മണ്ണിൽ നിന്നാണ് കാട്ടുചെടികൾ ഉൾപ്പെടെയുള്ള മുൾച്ചെടികൾ വളർന്നു പന്തലിച്ച് റോഡിലേക്ക് വ്യാപിച്ചത്. നിറയെ മുള്ളുകളുള്ള ചെടികൾ പലപ്പോഴും യാത്രക്കാർക്ക് ദുരിതമാകാറുണ്ട്. സന്ധ്യ കഴിഞ്ഞാൽ കാട്ടിനുള്ളിൽ നിന്ന് വിഷപ്പാമ്പുകൾ റോഡിലേക്ക് ഇറങ്ങി വാഹനങ്ങൾക്കിടയിൽപ്പെട്ട് ചാകുന്നതും പതിവാണ് .
" ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ്."
എന്ന ഒരു ബോർഡ് ജനങ്ങളുടെ അറിവിലേക്ക് തോട്ടത്തിൽ കടവ് ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുണ്ട്. അതിൽ റോഡിന്റെ പരിപാലന കാലാവധിയും കരാറുകാരുടെ പേരും ഫോൺ നമ്പരും കെ.ആർ.എഫ്.ബി അസി.എൻജിനീയറുടെ ഫോൺ നമ്പർ ടോൾഫ്രീ നമ്പർ എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ കാടുപിടിച്ചു കിടക്കുന്ന റോഡിന്റെ വശങ്ങൾ വൃത്തിയാക്കുവാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കൂടി ഉൾപ്പെടുത്തണം.
കെ.സുരേഷ്, സുജാ നിവാസ് , വളഞ്ഞ വരമ്പ്
റോഡിന്റെ പരിപാലനം അഞ്ച് വർഷക്കാലം കരാറുകാരിൽ നിക്ഷിപ്തമാണ്. ഈ കാലയളവിൽ ഉണ്ടാകുന്ന സകല വിധ അറ്റകുറ്റപ്പണികളും റോഡിന്റെ പരിപാലനവും കരാറുകാർ ചെയ്തേ മതിയാവൂ. അല്ലാത്തപക്ഷം നിയമനടപടികളുമായി പഞ്ചായത്ത് മുന്നോട്ടു പോകും.
ഡോ.സി. ഉണ്ണികൃഷ്ണൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
പടിഞ്ഞാറേ കല്ലട