goal-
വൺമില്യൺ ഗോൾ: ഫുട്ബോൾ പരിശീലന പ്രചരണ പദ്ധതിയ്ക്ക് തുടക്കമായി

പന്മന: എല്ലാ വിഭാഗം ജനങ്ങളിലും ലോകകപ്പ് - 2022ന്റെ സന്ദേശം എത്തിക്കുക , തത്പരരായ കുട്ടികൾക്ക് ഫുട്ബാളിൽ ഹൃസ കാലപരിശീലനം നൽകുക, മികവ് പുലർത്തുന്നവർക്ക് വിദഗ്ദ്ധ പരിശീലനം ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ കായിക യുവജന കാര്യാലയം വഴി നടപ്പിലാക്കുന്ന പരിശീലന പദ്ധതിയായ വൺ മില്യൺ ഗോൾ കാമ്പയിന് പന്മന മനയിൽ എസ്.ബി.വി.എസ് ജി.എച്ച്.എസ്.എസിൽ തുടക്കമായി. പന്മന ഗ്രാമ പഞ്ചായത്തിന്റെയും പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്റെയും നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി 20ന് സമാപിക്കും.10 നും 12 വയസിനും ഇടയിൽ പ്രായമുള്ള100 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ഉദ്ഘാടനം പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഷെമി ഉദ്ഘാടനം നിർവഹിച്ചു. വൈസ് - പ്രസിഡന്റ് മാമുലയിൽ സേതുക്കുട്ടൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ജൂന താഹാ, ഹെഡ്മാസ്റ്റർ ഗംഗാദേവി, എം.എഫ്.എ പ്രസിഡന്റ് പന്മന മഞ്ജേഷ്, അഡ്വ.സജീന്ദ്രകുമാർ, വരവിള നിസാർ, മനോജ് കുമാർ, വിളയിൽ ഹരികുമാർ , എ.മൺസൂർ, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. പരിശീലന പരിപാടികൾക്ക് ജില്ലാ ഫുട്ബാൾ അസോസിയേഷൻ പരിശീലകരായ ഗോപൻ , സെൽമാൻ പടപ്പനാൽ, ജിനോയ്, ആർ.രാഹുൽ എന്നിവർ നേതൃത്വം നൽകും.