police
plice

കൊല്ലം: അസൗകര്യങ്ങളുടെ നടുവിൽ നിന്ന് റൂറൽ ജില്ലാ പൊലീസിന് ശാപമോക്ഷം. സ്വന്തം കെട്ടിടം യാഥാർത്ഥ്യമായി. 2011ൽ ആണ് കൊല്ലം ജില്ലയിലെ പൊലീസ് സംവിധാനത്തെ രണ്ടാക്കി സിറ്റിയും റൂറലും രൂപീകരിച്ചത്. ആദ്യം കൊട്ടാരക്കര- പുത്തൂർ റോഡിലെ വാടക കെട്ടിടത്തിലായിരുന്നു എസ്.പി ഓഫീസ് പ്രവർത്തിച്ചത്. പിന്നീട് പൊതുമരാമത്ത് വകുപ്പ് വക റസ്റ്റ് ഹൗസിനോട് ചേർന്ന് മുൻപ് കോടതി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. പരിമിതമായ സൗകര്യങ്ങളിൽ തീർത്തും വീർപ്പുമുട്ടുകയായിരുന്നു ഇവിടെ .

6 കോടിയുടെ കെട്ടിടം

തൃക്കണ്ണമംഗലിന് സമീപം മുൻപ് താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന കെ.ഐ.പി വകയായുള്ള ഭൂമിയാണ് പൊലീസിനായി അനുവദിച്ചത്. 14,466 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളുള്ള കെട്ടിടമാണ് നിർമ്മിച്ചത്. 6 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. അനുബന്ധ സൗകര്യങ്ങൾക്കായി പിന്നെയും അധികം തുക ചെലവിട്ടു.

പുതിയ സൗകര്യങ്ങൾ

ഗ്രൗണ്ട് ഫ്ളോറിൽ റിസപ്ഷൻ,

റസ്റ്റ് റൂം, കാഷ് കൗണ്ടർ,

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഓഫീസ്,

ജില്ലാ ക്രൈം റെക്കാർഡ്സ് ബ്യൂറോ

ഡിവൈ.എസ്.പി ഓഫീസ്,

ശൗചാലയങ്ങൾ എന്നിവയും എസ്.പിയുടെ ക്യാബിൻ, ഓഫീസ് ലോഞ്ച്, വിശ്രമ മുറികൾ, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പിയുടെ ഓഫീസ്, ഭരണ വിഭാഗം ഡിവൈ.എസ്.പി ഓഫീസ്, നാർകോട്ടിക് സെൽ, സൈബർ സെൽ, വനിതാസെൽ, ടോയ്ലറ്റ് എന്നിവ രണ്ടാം നിലയിലും ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം, അക്കൗണ്ട്സ് മാനേജർ ഓഫീസ്, മിനിസ്റ്റീരിയൽ വിഭാഗം, കോൺഫറൻസ് ഹാൾ, റെക്കാഡ്സ് റൂം, ടോയ്ലറ്റുകൾ എന്നിവ മൂന്നാം നിലയിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്.

കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു നിർമ്മാണ ചുമതല.

നാടിന് സമർപ്പിക്കും

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റൂറൽ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരം നാടിന് സമർപ്പിക്കും. വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. മന്ത്രി ജെ.ചിഞ്ചുറാണി മുഖ്യ പ്രഭാഷണം നടത്തും. ഡി.ജി.പി അനിൽകാന്ത്, കൊടിക്കുന്നിൽ സുരേഷ് എം.പി, എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ കെ.ബി.ഗണേശ് കുമാർ, പി.സി.വിഷ്ണുനാഥ്, പി.എസ്.സുപാൽ, കോവൂർ കുഞ്ഞുമോൻ, ജി.എസ്.ജയലാൽ, എ.ഡി.ജി.പിമാരായ കെ.പത്മകുമാർ, എം.ആർ.അജിത് കുമാർ, ഐ.ജി. പി.പ്രകാശ്, ഡിഐ.ജി ആർ.നിശാന്തിനി, റൂറൽ എസ്.പി കെ.ബി.രവി, നഗരസഭ ചെയർമാൻ എ.ഷാജു, പി.ഐഷാപോറ്റി, നഗരസഭ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ എന്നിവർ സംസാരിക്കും.