കൊല്ലം: തങ്കശേരിയിൽ സന്ദർശകർക്ക് വിസ്മയ കാഴ്ചയുമായി കാത്തിരിക്കുന്ന ബ്രേക്ക് വാട്ടർ പാർക്കിന്റെ ഉദ്ഘാടനം വൈകുന്നു.
പാർക്ക് തുറന്ന ശേഷമുളള പരിപാലനത്തിന്റെ കാര്യത്തിൽ തീരുമാനമാകാത്തതാണ് നീളാൻകാരണം. തുറമുഖ വകുപ്പിന്റെതാണ് ഭൂമി. ടൂറിസം വകുപ്പാണ് പാർക്ക് നിർമ്മിച്ചത്. നിർമ്മാണത്തിന് നേതൃത്വം നൽകിയതും തുറമുഖവകുപ്പ്. ടൂറിസം, ഹാർബർ വകുപ്പുകൾ സംയുക്തമായി നടപ്പാക്കിയ പദ്ധതിയായതിനാൽ ഇരുവകുപ്പുകളുടെയും പങ്കാളിത്തത്തോടു കൂടിയ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കണം നടത്തിപ്പ് എന്ന നിർദേശം സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. സർക്കാരിന്റെ തീരുമാനം വൈകുന്നതാണ് പാർക്ക് തുറക്കുന്നത് നീണ്ടു പോകാൻ കാരണം.
എങ്ങുമെത്താത്ത
പൈതൃകപുനസൃഷ്ടി
ഇരുപത്തിയഞ്ച് കോടി രൂപയുടെ തങ്കശേരി പൈതൃക പുനഃസൃഷ്ടി പദ്ധതിയും അനിശ്ചിതമായി നീളുകയാണ്. രണ്ട് കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും ഡി.പി. ആർ പോലും തയ്യാറായിട്ടില്ല. കാവൽ ആർച്ച് മുതൽ തങ്കശേരി വരെ റോഡ് നവീകരണം, റോഡിന് ഇരുവശവും അലങ്കാര വിളക്കുകൾ, കാവൽ ആർച്ച് ഗേറ്റ് പുതുക്കൽ, എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കെട്ടിടം, ചരിത്ര മ്യൂസിയ തുടങ്ങിയവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.
ബ്രേക്ക് വാട്ടർ പാർക്ക്
പദ്ധതി ചെലവ് : 5.55 കോടി.
സൈക്കിൾ ട്രാക്ക് ഉൾപ്പെടെ കുട്ടികൾക്കുള്ള പാർക്കും ഇരിപ്പിടങ്ങളും
അലങ്കാര വിളക്കുകളും വ്യൂ ഡെക്കും
ഇരുന്നൂറോളം പേർക്കിരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം
നാല് കിലോമീറ്റർ വരുന്ന പുലിമുട്ടിലൂടെ സവാരി
ഇൻഫർമേഷൻ സെന്റർ, റസ്റ്റോറന്റ്, കിയോസ്കുകൾ