കുന്നിക്കോട് : അധികാരികളുടെ അനാസ്ഥ കാരണം നാശത്തിലേക്ക് നീങ്ങുകയാണ് ഇളമ്പൽ ചന്ത. കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തുള്ള ചന്ത പ്രവർത്തന രഹിതമായതോടെ സാമൂഹിക വിരുദ്ധരുടെ താവളമായി. ഏകദേശം പത്ത് വർഷം മുമ്പ് വിളക്കുടി ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ പ്രധാനപ്പെട്ട ചന്തയായിരുന്നു ഇളമ്പലിലേത്. പ്രദേശത്തെ മുഴുവൻ ആളുകളും എല്ലാം വാങ്ങിയിരുന്നത് ഇവിടെ നിന്നായിരുന്നു. എന്നാൽ സ്ഥലപരിമിതിയുടെയും നവീകരണത്തിന്റെയും ഭാഗമായി കുറച്ച് വർഷം മുമ്പ് മത്സ്യവും പച്ചക്കറിയും വിൽപ്പന നടത്തുന്നത് ചന്തയുടെ പുറത്തേക്ക് മാറ്റിയതോടെ കഥ മാറി. ആളുകൾ ഇവ പാതയോരത്തുള്ള കടകളിൽ നിന്ന് വാങ്ങുവാൻ തുടങ്ങിയതോടെ ചന്തയിൽ ആരും കയറാതെയായി.
ഹൈടെക് വ്യാപാര സമുച്ചയം നിർമ്മിക്കണം
വർഷങ്ങൾ പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ച് നീക്കി ഹൈടെക് വ്യാപാര സമുച്ചയം നിർമ്മിച്ചാൽ ഗ്രാമപഞ്ചായത്തിന് വരുമാനം ലഭിക്കുന്നതിനോടൊപ്പം വ്യാപാരികൾക്കും കുറഞ്ഞ നിരക്കിൽ നല്ല സ്റ്റാൾ ലഭിക്കും. ഇളമ്പൽ ചന്ത നവീകരിച്ച് പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലാക്കണമെന്ന ആവശ്യം ശക്തമാണ്.
ലഹരി വിൽപ്പനയും മദ്യപാനവും
അധികാരികളും നാട്ടുകാരും തിരിഞ്ഞ് നോക്കാതെ വന്നതോടെ സാമൂഹിക വിരുദ്ധർ ചന്ത കൈയ്യടക്കി. നേരം വൈകിയാൽ ഇവിടം മദ്യപസംഘത്തിന്റെ താവളമാണ്. കൂടാതെ ലഹരി വിൽപ്പനയും നടത്തുന്നതായി സൂചനയുണ്ട്. ഇക്കാരണത്താൽ ചന്തയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഇളമ്പൽ വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ്. ചന്തയിലെ വിപണന കേന്ദ്രത്തിന്റെ ഒരു ഭാഗത്ത് ആഴ്ചയിൽ രണ്ട് ദിവസം മാത്രം പരിശോധന നടത്തി മരുന്ന് വിതരണം ചെയ്യുന്ന ആയുർവേദ സബ്സെന്ററും പ്രവർത്തിക്കുന്നുണ്ട്. സാമൂഹികവിരുദ്ധരുടെ ശല്യം ഇവിടെ എത്തുന്ന ജീവനക്കാർക്കും രോഗികൾക്കും ഒരുപോലെ ബുദ്ധിമുട്ടായി മാറിയിട്ടുമുണ്ട്.
കൈയ്യേറ്റവും കുറവല്ല
ഇളമ്പൽ ചന്തയിലെ നിലവിലുള്ള സ്റ്റാളുകളോട് ചേർന്നുള്ള സ്വകാര്യവസ്തുക്കൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കൈയ്യേറ്റം രൂക്ഷമാണ്. ചന്തയ്ക്ക് ചുറ്റുമതിലും ഗേറ്റും ഇല്ലാത്തതിനാൽ അവർക്ക് അത് സൗകര്യമായി. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വിപണനകേന്ദ്രത്തിൽ ഇപ്പോൾ ഗ്രാമപഞ്ചായത്ത് പാഴ് വസ്തുക്കൾ സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. നിലവിൽ ചന്തയിൽ ഇറച്ചി സ്റ്റാൾ അടക്കം ഏഴ് സ്റ്റാളുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. എന്നാൽ അവരും അനുവദിക്കപ്പെട്ട സ്റ്റാളുകൾക്ക് പുറമേ ദൂരിഭാഗ സ്ഥലത്തും അനധികൃതമായി ഇറക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.