navodayam-
നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ പ്രതിഭാ സംഗമം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : സമൂഹത്തിലെ അനാചാരം, അന്ധവിശ്വാസം, ലഹരി ഉപയോഗം എന്നിവയ്ക്കെതിരെ ഗ്രന്ഥശാലകൾ വിട്ടുവീഴ്ചയില്ലാതെ പോരാട്ടം നടത്തണമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അറിവിന്റെയും അക്ഷരത്തിന്റെയും വെളിച്ചത്തിലേക്ക് പുതുതലമുറയെ കൊണ്ടുവരണം. യുക്തിചിന്ത, ശാസ്ത്രാവബോധം, പുരോഗമന വീക്ഷണം എന്നിവ വളർത്തിയെടുക്കുന്നതിൽ ഗ്രന്ഥശാലകൾ കൂടുതൽ കാര്യക്ഷമമാകണം. ഐക്യബോധം വളർത്തുന്നതിനും സഹൃദയത്വം ഊട്ടിയുറപ്പിക്കുന്നതിനും നവോദയം ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ മികച്ച മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗ്രന്ഥശാല പ്രസിഡന്റ് ബേബി ഭാസ്കർ അദ്ധ്യക്ഷനായി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള പുരസ്കാരങ്ങൾ മന്ത്രി ആർ.ബിന്ദു വിതരണം ചെയ്തു. മന്ത്രി ജെ.ചിഞ്ചുറാണി ഉൾപ്പടെ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കാണ് അവാർഡുകൾ നൽകിയത്. സമഗ്ര സംഭാവനയ്ക്കുള്ള

പുരസ്‌കാരം കവിയും സാഹിത്യകാരനുമായ ചവറ കെ.എസ്. പിള്ളക്ക്‌ മന്ത്രി കൈമാറി.

കല്ലട രാമചന്ദ്രൻ സ്മാരക ലൈബ്രേറിയൻ അവാർഡ് മുതിർന്ന ഗ്രന്ഥശാല പ്രവർത്തകനായ കെ.എം.ഭാസ്കരൻ നായർക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു സമ്മാനിച്ചു. കെ.രവീന്ദ്രൻ സ്മാരക ഫോട്ടോഗ്രാഫി സമ്മാനം സി.ആർ.ഗിരീഷ്കുമാർ, എസ്.കെ.സുരേന്ദ്രൻ, അരവിന്ദൻ മണലി എന്നിവർക്ക് ചവറ കെ.എസ്. പിള്ള നൽകി. എൻ. ശിവശങ്കരപിള്ള സ്മാരക അവാർഡ് സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റെർപ്രൈസസ് ചെയർമാൻ കെ.വരദരാജൻ കുറ്റിയിൽ സോമന് കൈമാറി. കോർപ്പറേഷൻ ജനപ്രതിനിധികളായ ഗിരിജ സന്തോഷ്‌, സ്വർണ്ണമ്മ, സിന്ധുറാണി എന്നിവർ പുസ്തകോപഹാര സമർപ്പണം നടത്തി.

നവോദയം ഗ്രന്ഥശാല സെക്രട്ടറി എസ്.നാസർ, എസ്. ആർ അജിത്ത്, ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, സുമേഷ്, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ബാസ്റ്റിൻ ജോണിന്റെ ഗസൽ സന്ധ്യയും അരങ്ങേറി.