കൊല്ലം: മൂന്നു ദിവസമായി നിർത്തിവച്ചിരുന്ന പട്ടംതുരുത്ത് - പെരുമൺ ജങ്കാർ സർവീസ് പുനരാരംഭിച്ചു. ജങ്കാറിന്റെ അടിഭാഗം മണ്ണിൽ തട്ടി തകരാർ സംഭവിച്ചതിനെ തുടർന്നാണ് സർവീസ് നിർത്തിവച്ചത്. ജങ്കാറിന്റെ തകരാർ പരിഹരിച്ചെങ്കിലും കായലിൽ ഉയർന്നു നിൽക്കുന്ന മണ്ണ് ഡ്രഡ്ജ് ചെയ്ത് നീക്കാതെ സർവീസ് ആരംഭിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ഉടമ.

മണ്ണ് ഡ്രഡ്ജ് ചെയ്ത് നീക്കാത്തതിനാൽ വീണ്ടും കേടുപാട് സംഭവിക്കുമെന്ന ആശങ്കയും ഉടമ പങ്കു വച്ചിരുന്നു. എന്നാൽ,​ മണ്ണ് ഉടൻ നീക്കാമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയതോടെ ഇന്നലെ സർവീസ് പുനരാരംഭിക്കുകയായിരുന്നു. സർവീസ് നിലച്ചതിനെ തുടർന്ന് ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തെപ്പറ്റി കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ജങ്കാർ നിലച്ചതോടെ മൂന്നു ദിവസമായി നാട്ടുകാർ തീരാദുരിതത്തിലായിരുന്നു.