
പ്രായമാകുമ്പോൾ മറ്റുള്ളവരെ ആശ്രയിക്കാതെ കഴിയാനും കൂടുതൽ ചടുലവും ഊർജ്ജസ്വലമാകാനും ക്രമാനുഗതമായ വ്യായാമം ശീലമാക്കണം. പ്രായം കൂടുംതോറും ശരീരത്തിലെ ചില മാറ്റങ്ങൾ, പേശികളും അസ്ഥിപിണ്ഡവും കുറയുന്നതുപോലുള്ളവ, അനിവാര്യമാണ്. എന്നാൽ, സജീവമായി ജീവിതം തുടരാൻ പതിവ് വ്യായാമം സഹായിക്കും. “ദൈനംദിന ജീവിതത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ പരിഗണിച്ചുകൊണ്ടുവേണം പരിശീലന വ്യായാമങ്ങൾ തിരഞ്ഞെടുക്കേണ്ടത് " എന്നതാണ് ന്യൂയോർക്ക് സിറ്റിയിലെ ഫിസിക്കൽ തെറാപ്പി ഡോക്ടറും ഓർത്തോ പീഡിക് സ്പെഷ്യലിസ്റ്റുമായ ഹീതർ മീംസിന്റെ അഭിപ്രായം. അദ്ദേഹം പറയുന്നത്, നിങ്ങൾ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ കഴിയുന്നതും കസേരയുടെ കൈകളിൽ തള്ളുകയോ, കൈകൾകൊണ്ട് തുടകളുടെ മുകൾഭാഗത്തേക്ക് തള്ളുകയോ ചെയ്യാൻ പാടില്ല. ഇതിനുവേണ്ടി വിവിധ ശക്തി വ്യായാമങ്ങൾ പരിശീലിക്കണം.
ശാരീരികമായ കഴിവുകൾക്കനുസൃതമായി രസകരമായ,
ദിവസേന ചെയ്യാൻ കഴിയുന്ന വ്യായാമങ്ങൾ നിരവധിയുണ്ടെങ്കിലും ചിലത് തിരഞ്ഞെടുക്കുന്നതിനു മുമ്പ്, ഡോക്ടറോട് ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട് ; ആരോഗ്യസ്ഥിതി വ്യായാമം ചെയ്യാൻ പര്യാപ്തമാണോ? എങ്ങനെ തുടങ്ങണം, ഒഴിവാക്കേണ്ട വ്യായാമങ്ങൾ എന്തെല്ലാം? ഭക്ഷണക്രമം ശരിയാണോ? ഏതു വ്യായാമമാണ് ഏറ്റവും കൂടുതൽ സഹായിക്കുന്നത്. മുതിർന്നവരുടെ ശാരീരിക കഴിവിന് അനുസൃതമായി രസകരമായ, സമഗ്രമായ വ്യായാമ പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. അത് ദിനചര്യയുടെ ഭാഗമാക്കുകയും വേണം.
ഏത് തരം സന്ധിവേദനകളെയും മാറ്റാൻ കഴിവുള്ള വ്യായാമമാണ് 'വാട്ടർ എയറോബിക്സ്' അഥവാ വെള്ളത്തിലെ വ്യായാമങ്ങൾ. ചലനശേഷിയും ശരീരത്തിന്റെ ബാലൻസും നിലനിറുത്താൻ റബർ സ്ട്രിപ്പുകളെ വലിച്ചു നീട്ടുന്ന വ്യായാമം ചെയ്യാം. ഏകാഗ്രതയും ശ്വസനവും മെച്ചപ്പെടുത്താനും ശരീരശക്തി വികസിപ്പിക്കാനും ബാലൻസ് സ്ഥിരപ്പെടുത്താനും ഊതിപ്പെരുപ്പിച്ച മെത്തകളിൽ ഇരുന്നുകൊണ്ട് പൈലറ്റ്സ് വ്യായമങ്ങൾ ചെയ്യാം. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതാണ് നടത്തം. ആഴ്ചയിൽ കുറഞ്ഞത് 2.5 മണിക്കൂർ മുതൽ 5 മണിക്കൂർ വരെയുള്ള വേഗതയേറിയ നടത്തം, സൈക്ലിംഗ്, നൃത്തം, നീന്തൽ തുടങ്ങിയവയിൽ ചിലത് തിരഞ്ഞെടുക്കാം.
65 കഴിഞ്ഞവർക്ക്
പ്രായം 65 കഴിഞ്ഞെങ്കിൽ ദീർഘദൂര ഓട്ടവും, കുത്തനെയുള്ള കയറ്റവും ഡംബെല്ലുകൾ ഉപയോഗിച്ചുള്ള വ്യായാമങ്ങളും ഉയർന്ന തീവ്രതയുള്ള പരിശീലനങ്ങളും കാലുകൾ കൂടുതൽ തറയിൽ അമർത്തിയുള്ള വ്യായാമങ്ങളും ഒഴിവാക്കേണ്ടതാണ്. സുഖപ്രദവും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുക, വ്യായാമം പതുക്കെ ആരംഭിക്കുക, ജലദോഷമോ, പനിയോ മറ്റു രോഗങ്ങളോ ഉണ്ടെങ്കിൽ അത് മാറുന്നതുവരെ കാത്തി രിക്കുക. വ്യായാമം ചെയ്യുമ്പോൾ ശ്വാസതടസമോ നെഞ്ചുവേദനയോ തലകറക്കമോ ബാലൻസ് ചെയ്യാൻ ബുദ്ധിമുട്ടോ അനുഭവപ്പെട്ടാൽ ഡോക്ടറെ കണ്ടതിനുശേഷം വേണം വ്യായാമം തുടരാൻ. വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവരെ രക്ഷിക്കാനുള്ള പുതിയ കണ്ടുപിടിത്തമാണ് മെഡിക്കൽ അലർട്ട്നെക്ലസുകൾ. ഇതെക്കുറിച്ച് അടുത്ത ആഴ്ച.