sila

കൊട്ടാരക്കര: നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ കൊല്ലം റൂറൽ പൊലീസിന് സ്വന്തം ആസ്ഥാനമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കാത്തുനിന്നത് ആയിരങ്ങളാണ്.

2011ൽ കൊട്ടാരക്കര കേന്ദ്രമാക്കി റൂറൽ പൊലീസ് നിലവിൽ വന്നെങ്കിലും നാളിതുവരെ അസൗകര്യങ്ങൾക്കിടയിൽ വീർപ്പുമുട്ടുകയായിരുന്നു. തൃക്കണ്ണമംഗലിന് സമീപം മുൻപ് താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന കെ.ഐ.പി വകയായുള്ള ഭൂമി പൊലീസിനായി അനുവദിക്കുകയും ആറേമുക്കാൽ കോടി രൂപ മുടക്കി സൗകര്യങ്ങളോടുകൂടിയ കെട്ടിടമൊരുക്കുകയുമായിരുന്നു. റൂറൽ ജില്ലാ പൊലീസിന്റെ അന്തസിനുതകുന്ന കെട്ടിട സമുച്ചയമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്.

വനിതാ പൊലീസ് സേനയുടെ

യശസ് ഉയർത്തി: മുഖ്യമന്ത്രി

മയക്കുമരുന്നിന് അടിപ്പെട്ട പിതാവിനെ ലോക്കപ്പിലിട്ടപ്പോൾ അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളെ പരിപാലിക്കാൻ കാട്ടിയ നന്മയും വിശന്നിരുന്ന കുഞ്ഞിന് മുലയൂട്ടിയ വനിതാ പൊലീസിന്റെ ഹൃദയവിശാലതയും പൊലീസിന്റെ യശസ് ഉയർത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
റൂറൽ പൊലീസ് ആസ്ഥാനത്തിന്റെയും വിവിധ ജില്ലകളിലെ പൊലീസിന്റെ വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാന പാലനത്തിലും ശാസ്ത്രീയ കുറ്റാന്വേഷണത്തിലും സൈബർ കേസുകളുടെ അന്വേഷണത്തിലുമടക്കം കേരള പൊലീസ് രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. പ്രളയവും കൊവിഡുമടക്കം നാം നേരിട്ട ദുരന്തഘട്ടങ്ങളിൽ സന്തത സഹചാരിയായി പൊലീസ് രംഗത്തുണ്ടായിരുന്നു. ജനമൈത്രി,​ സ്റ്റുഡന്റ് പൊലീസ്,​ ട്രൈബൽ ജനമൈത്രി തുടങ്ങി ജനകീയ പൊലീസ് സംവിധാനത്തിലേക്കാണ് സേന മാറിയത്. പുതിയ കാലമാണ്,​ ആ കാലത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച് സേനയും നവീകരിക്കപ്പെടണം. മാതൃകാപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്നും ജനങ്ങൾ ഇനിയും ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.