photo
കൊട്ടാരക്കര പുത്തൂർ റോഡിൽ കുഴികൾ അടച്ച ഭാഗം വീണ്ടും ഇളകിയ നിലയിൽ

അധികൃതർ തിരിഞ്ഞുനോക്കുന്നില്ല

കൊട്ടാരക്കര: കൊട്ടാരക്കര​​ - പുത്തൂർ റോഡിൽ കുഴിയടയ്ക്കൽ നാടകം,​ അടച്ച് തീരും മുൻപെ പഴയ പടിയായി. ഇവിടെ റോഡ് നിറയെ കുഴികൾ രൂപപ്പെട്ടതും മഴ വെള്ളം കെട്ടിനിന്ന് അപകടം തുടർക്കഥയാകുന്നതും ചൂണ്ടിക്കാട്ടി 7ന് കൊട്ടാരക്കര - പുത്തൂർ റോഡിൽ കുണ്ടും കുഴിയും അപകടങ്ങളും എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കുഴികൾ അടയ്ക്കാനെത്തിയത്. ടാറിംഗ് ഒഴിച്ച് മെറ്റലിട്ട് പോയി, മണിക്കൂറുകൾ കഴിയുംമുൻപെ ടാറിംഗ് ഇളകി മാറി. വീണ്ടും മഴ പെയ്തതോടെ പഴയ നിലയിലേക്ക് കുഴികൾ മാറുകയാണ്.

മുസ്ളീം സ്ട്രീറ്റിൽ കുഴികൾ അടച്ചിട്ടില്ല

കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റ് ഭാഗത്തെ കുഴികൾ അടച്ചിട്ടില്ല. ഇവിടെയാണ് കൂടുതൽ കുഴികളുള്ളതും അപകടങ്ങൾ ഏറിയതും. പത്തടി,​ പണയിൽ ഭാഗങ്ങളിലെ കുഴികളാണ് അടച്ചതും ഇളകിയതും. കിഫ്ബിയിൽ ഉൾപ്പെടുത്തിയ ശാസ്താംകോട്ട - കൊട്ടാരക്കര - നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ ഭാഗമാണിത്. 20.80 കോടി രൂപയാണ് അതിനായി അനുവദിച്ചത്. പുത്തൂരിൽ ഇപ്പോൾ നിർമ്മാണ ജോലികൾ നടക്കുന്നുണ്ട്. എന്നാൽ ബാക്കി ഭാഗത്തേക്ക് അധികൃതർ തിരിഞ്ഞുനോക്കുന്നുമില്ല.