
ചാത്തന്നൂർ: ദേശീയപാത വികസനത്തിന്റെ മറവിൽ കോടികളുടെ മണ്ണ് കടത്തുന്നതായി പരാതി. റോഡ് കുഴിച്ച് കടത്തുന്ന മണ്ണിന് നിലവാരം അനുസരിച്ച് ലോഡിന് 3000 മുതൽ 8000 രൂപ വരെയാണ് ഈടാക്കുന്നത്.
പാറ പോളച്ചിറയിലെ കേന്ദ്രത്തിലാണ് ശേഖരിച്ചിരിക്കുന്നത്. നിലം നികത്താനും നികത്തിയ നിലത്തിന്റെ ഉയരം കൂട്ടാനുമാണ് വ്യാപകമായി മണ്ണ് ഉപയോഗിക്കിന്നത്.
ചാത്തന്നൂർ, കല്ലുവാതുക്കൽ, ചിറക്കര, ആദിച്ചനല്ലൂർ, പൂതക്കുളം പഞ്ചായത്തുകളുടെ വിവിധ മേഖലകളിലാണ് കടത്തിയ മണ്ണുപയോഗിച്ച് നിലവും നീർത്തടങ്ങളും നികത്തിയത്. നിലവിലെ ദേശീയപാതയുടെ നിരപ്പിൽ നിന്ന് താഴ്ത്തിയെടുക്കുന്ന മണ്ണ് ചതുപ്പുകളിലടക്കം നിക്ഷേപിച്ച് കരഭൂമി വർദ്ധിപ്പിക്കുന്നുമുണ്ട്.
വികസനവുമായി ബന്ധപ്പെട്ട് ദേശീയപാതയുടെ ഉയരം കൂട്ടേണ്ട ഇടങ്ങളിൽ മണ്ണ് ആവശ്യമായി വരുമെന്നിരിക്കെയാണ് അനധികൃതമായി ഇവിടെനിന്നുള്ള മണ്ണ് കടത്തുന്നത്. ദേശീയപാതയ്ക്ക് വേണ്ടി കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന ഇടങ്ങളിൽ റോഡ് നിരപ്പിൽ നിന്ന് പത്തടിയോളം വരെ താഴ്ത്തിയാണ് കരാറുകാർ മണ്ണ് നീക്കം ചെയ്യുന്നത്. പുതിയ ദേശീയപാതയുടെ നിർമ്മാണം ആരംഭിക്കുമ്പോൾ ഇത്തരത്തിൽ നീക്കം ചെയ്ത് കുഴിയായ ഭാഗങ്ങളിൽ മണ്ണ് നിക്ഷേപിച്ച് ഉയരം സമമാക്കിക്കൊണ്ടുവേണം നിർമ്മാണം നടത്താൻ. ഇപ്പോഴുള്ള അനധികൃത മണ്ണ് കടത്തൽ പിന്നീട് മണ്ണ് ക്ഷാമത്തിനും അതുവഴി ഇരട്ടി ചെലവിനും കാരണമാകും.
മൂന്ന് ടിപ്പറുകൾ പിടിച്ചെടുത്തു
അനധികൃതമായി മണ്ണ് കടത്തിയ മൂന്ന് ടിപ്പർ ലോറികൾ ചാത്തന്നൂർ പൊലീസ് പിടിച്ചെടുത്തു. പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മണലും പാറയും അടക്കം കടത്തിയത് സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തകളെ തുടർന്നാണ് നടപടി. ഇത്തിക്കര വളവിൽ സർവീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് രണ്ട് ടിപ്പറുകൾ പിടിച്ചെടുത്ത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇത്തിക്കരയിൽ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മിക്കുന്നിടത്ത് നിന്ന് നീക്കം ചെയ്ത മണ്ണാണ് അനധികൃതമായി കടത്താൻ ശ്രമിച്ചത്. ഇവിടെ നിന്ന് മണ്ണ് നിറച്ച രണ്ട് ടിപ്പറുകളും സ്കൂൾ സമയത്തെ നിരോധനം ലംഘിച്ച് മണ്ണെടുക്കാൻ പോയ മറ്റൊരു ടിപ്പറുമാണ് പൊലീസ് പിടിച്ചെടുത്തത്. അനധികൃത മണ്ണ് കടത്തലിനെതിരെ നടപടി ശക്തമാക്കുമെന്ന് ചാത്തന്നൂർ പൊലീസ് പറഞ്ഞു.