thenmalayalam

ചാത്തന്നൂർ: കുട്ടികളിൽ കൊവിഡ് സൃഷ്ടിച്ച ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ചാത്തന്നൂർ കോയിപ്പാട് ഗവ.എൽ.പി സ്കൂളിൽ നടപ്പാക്കി വിജയിച്ച തേൻ മലയാളം പദ്ധതി രാജ്യമാകെ മാതൃകയാക്കുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ ചാത്തന്നൂർ കോയിപ്പാട് സ്കൂളിലെ അദ്ധ്യാപികയും സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗവുമായിരുന്ന എസ്.സൈജയാണ് തേൻമലയാളത്തിന് നേതൃത്വം നൽകിയത്. ഭാഷാസമഗ്രതാ ദർശനം, തീം അധിഷ്ഠിത പഠനം, സർഗാത്മക കലാപ്രവർത്തനങ്ങളുടെ ഉദ്ഗ്രഥനം, പ്രതിദിന വിജയാനന്ദം, ആസ്വാദ്യ പാഠങ്ങൾ, വിലയിരുത്തൽ ലയിപ്പിച്ച പ്രക്രിയകൾ തുടങ്ങിയ നൂതന പാഠ്യശൈലികൾ ഉൾപ്പെടുത്തിയ പ്രവർത്തനങ്ങൾ കുട്ടികളിലെ ആശയവിനിമയശേഷി വർദ്ധിപ്പിച്ചതായി എൻ.സി.ഇ.ആർ.ടി വിലയിരുത്തി.

10ന് എൻ.സി.ഇ.ആർ.ടി. ന്യൂഡൽഹിയിൽ നടത്തിയ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റിസോഴ്സ് അംഗങ്ങളുടെ ദേശീയ സെമിനാറിലാണ് കോയിപ്പാട് സ്കൂളിലെ തേൻമലയാളം അംഗീകരിക്കപ്പെട്ടതും രാജ്യത്ത് മാതൃകയാക്കാൻ തീരുമാനിച്ചതും. സംസ്ഥാനത്തു നിന്ന് രണ്ട് വിദ്യാലയങ്ങൾക്ക് മാത്രമാണ് സെമിനാറിൽ അവസരം ലഭിച്ചത്. മലയാളം മീഡിയത്തിൽ നിന്ന് കോയിപ്പാട് ഗവ.എൽ.പി സ്കൂൾ മാത്രമാണ് പങ്കെടുത്തത്. ആദ്യഘട്ടമായി തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നടപ്പാക്കാനാണ് തീരുമാനം. നിലവിൽ സംസ്ഥാനത്തെ 68 വിദ്യാലയങ്ങളിൽ പദ്ധതി നടപ്പിലാക്കിത്തുടങ്ങി.