rice

കൊല്ലം: ജനം കൂട്ടത്തോടെ ആന്ധ്ര ഗോദാവരി ജയ വേണ്ടെന്ന് വച്ചതോടെ വിലയിൽ നേരിയ കുറവ്. ബ്രാൻഡഡ് ജയയുടെ വില ഒരു രൂപ കുറഞ്ഞപ്പോൾ നോൺ ബ്രാൻഡഡിന്റെ വില രണ്ട് രൂപ വരെ ഇടിഞ്ഞു. ഈ സ്ഥിതി തുടർന്നാൽ വരും മാസങ്ങളിൽ വില വീണ്ടും താഴേയ്ക്ക് പോകുമെന്നാണ് സൂചന. പൊതുവിപണിയിൽ എല്ലായിനം അരികളുടെയും കച്ചവടം ഇടിഞ്ഞിട്ടുണ്ട്. പൊതുവിതരണ വകുപ്പ് മുൻകൈയെടുത്ത് ഝാർഖണ്ഡ്, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിൽ നിന്ന് അരി എത്തിച്ചതോടെയാണ് ഗോദാവരി ജയയുടെ കച്ചവടം കുത്തനെ ഇടിഞ്ഞത്. ഇതിന് പിന്നാലെ വിലയിലും നേരിയ കുറവുണ്ടായി.

ഉല്പാദനം കുറഞ്ഞതാണ് ആന്ധ്ര ജയ അരിയുടെ ഇപ്പോഴത്തെ വിലവർദ്ധനയ്ക്ക് കാരണം. എന്നാൽ, അടുത്ത സീസണിലേക്ക് കൂടുതൽ കൃഷി ഇറക്കിയിട്ടുണ്ട്. ഏപ്രിൽ, മേയ മാസങ്ങളിലാണ് അതിന്റെ വിളവെടുപ്പ് ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ഏപ്രിലിൽ ആന്ധ്ര ജയയുടെ വില 40ലേക്ക് താഴുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഇതിനിടയിൽ ഉപഭോഗം വീണ്ടും വർദ്ധിച്ചാൽ പ്രതീക്ഷിക്കുന്ന വിലക്കുറവ് ഉണ്ടാകണമെന്നില്ല. അതുകൊണ്ട് തന്നെ പഞ്ചാബ്, ഝാർഖണ്ഡ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള അരി സുലഭമായി ലഭ്യമാക്കാനുള്ള ഇടപെടലുകളിലാണ് പൊതുവിതരണ വകുപ്പ്.

ആന്ധ്ര ഗോദാവരി ജയയുടെ മൊത്തവില

(മാസം, ബ്രാൻഡഡ് ആന്ധ്ര ജയ, നോൺ ബ്രാൻഡഡ്)

മാർച്ച്: 38, 37-34

ഏപ്രിൽ: 38, 37-34

മേയ് : 40, 39- 35

ജൂൺ: 46, 45-41

ജൂലായ് : 48, 47-43

ആഗസ്റ്റ്: 50, 49- 45

സെപ്തംബർ: 57, 56-54

ഒക്ടോബർ: 57, 56-54

നവംബർ: 56, 54- 53.50

മറ്റ് ജയകളുടെ മൊത്തവില

പഞ്ചാബ് ജയ: 41

കർണാടക ജയ: 40

ഝാർഖണ്ഡ് ജയ: 37.50