photo
ഉഷ (53)

അഞ്ചൽ:ചിത്രകലാ അദ്ധ്യാപികയെ കാണാതായിട്ട് ഒരു വർഷം പിന്നിടുമ്പോഴും കേസ് അന്വേഷണത്തിൽ പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ശബരിഗിരി സ്കൂളിലും എസ്.എൻ ട്രസ്റ്റിന്റെ കീഴിലുള്ള കായംകുളത്തെ സ്കൂളിലും അദ്ധ്യാപികയായിരുന്ന അഗസ്ത്യക്കോട്, അമ്പലംമുക്ക് സ്വദേശിനി ഉഷ (53) യെയാണ് 2021 ഒക്ടോബർ 8 മുതൽ കാണാതായത്. ചെറിയ മാനസികാസ്വാസ്ത്യമുള്ള ഇവർ അന്ന് സന്ധ്യയോടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.നേരത്തെ ഗൾഫിലും ഒരു സ്കൂളിൽ ഇവർ കുറച്ചുകാലം ജോലിനോക്കിയിരുന്നു. ഉഷയുടെ തിരോധാനം സംബന്ധിച്ച് ഭർത്താവ് അജന്ദകുമാർ അഞ്ചൽ പൊലീസിൽ അന്ന് തന്നെ പരാതി നൽകിയിരുന്നു. എന്നാൽ നാളിതുവരെ ഇവരെ സംബന്ധിച്ച് യാതൊരു വിവരവും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വല്ലപ്പോഴും പൊലീസുകാർ ഉഷയുടെ വീട്ടിൽ എത്തി വല്ല വിവരവും കിട്ടിയോ എന്ന് ചോദിക്കുക മാത്രമാണ് ചെയ്യുന്നത്. ഫലപ്രദമായ ഒരന്വേഷണം ലോക്കൽ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. അഞ്ചൽ മേഖലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ദുരൂഹ മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. അഞ്ചൽ ബൈപ്പാസ് റോഡിൽ ഒരു ബസ് ഉടമ തീപ്പൊള്ളലേറ്റ് മരണപ്പെട്ടിട്ട് മാസങ്ങൾ പിന്നിടുന്നു. അഞ്ചൽ മേഖലയിൽ ദുരൂഹ മരണങ്ങളെ സംബന്ധിച്ച് പൊലീസിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും അവയിലൊന്നും ഫലപ്രധമായ അന്വേഷണം നടത്തി ദൂരൂഹത മാറ്റാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മേഖലയിലെ ദുരൂഹ മരണങ്ങളെക്കുറിച്ച് പൊലീസിന്റെ പ്രത്യേക സംഘമോ, ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്.