photo
കുണ്ടും കുഴിയുമായി കിടക്കുംന്ന കണ്ണംമ്പള്ളി മുക്ക് - ഒട്ടത്തിൽമുക്ക് റോഡ്.

കരുനാഗപ്പള്ളി: വർഷങ്ങളായി തകർന്ന് കിടക്കുന്ന കണ്ണംമ്പള്ളി മുക്ക് - ഒട്ടത്തിൽമുക്ക് റോഡിലെ ദുരിതത്തിന് പരിഹാരമാകുന്നു. കേരളകൗമുദിയിൽ വന്ന വാർത്തയാണ് റോഡിന്റെ നവീകരണത്തിന് വഴി തെളിച്ചത്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെയുള്ള കാൽനട യാത്ര പോലും ദുഷ്ക്കരമായിരുന്നു.

നവീകരണത്തിന് 22 ലക്ഷം

നാട്ടുകാരുടെ പരാതിയെ തുടർന്ന് റീ ബിൽഡ് കേരളയിൽ നിന്ന് അനുവദിച്ച 22 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. അതിന്റെ കടലാസ് ജോലികളെല്ലാം പൂർത്തിയായി. കരുനാഗപ്പള്ളി നഗരസഭയിലെ ഏറ്റവും പഴക്കം ചെന്ന റോഡുകളിൽ ഒന്നാണിത്. 4 ഡിവിഷനുകളുടെ പരിധിയിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. ഒരു വർഷം മുമ്പ് ടെൻഡർ ചെയ്ത റോഡിന്റെ പണി കരാറുകാരൻ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കേരള കൗമുദി പത്രത്തിൽ ഒന്നിലധികം തവണ വാർത്ത വന്നതോടെ മൂന്ന് മാസം മുമ്പ് റോഡ് വീണ്ടും ടെൻഡർ ചെയ്യുകയായിരുന്നു.

ഒരു മാസത്തിനുള്ളിൽ റോഡ് റെഡി

2 കിലോമീറ്ററാണ് റോഡിന്റെ ദൈർഘ്യം. റോഡ് പൂർണമായും ടാർ ചെയ്യാനായിരുന്നു ആദ്യ ടെൻഡറിൽ അറിയിച്ചിരുന്നത്. എന്നാൽ രണ്ടാമത്തെ ടെൻഡറിൽ അതിന് മാറ്റം വരുത്തി. കണ്ണംമ്പള്ളി മുക്കിൽ നിന്ന് വടക്കോട്ട് 102 മീറ്റർ ദൈർഘ്യത്തിൽ കോൺക്രീറ്റ് ചെയ്യാനും ശേഷിക്കുന്ന ഭാഗം ടാർ ചെയ്യാനുമാണ് റീ ടെൻഡറിൽ വരുത്തിയ മാറ്റം. പാലമൂട് ജംഗ്ഷൻ, കുറ്റിക്കാട്ടിൽമുക്ക്, കണ്ണംമ്പള്ളി മുക്ക് എന്നിവടങ്ങളിൽ നിലവിലുള്ള റോഡ് പൊളിച്ച് നീക്കി മെറ്റൽ ഇട്ട് ഉയർത്തിയ ശേഷമാണ് നവീകരണം നടത്തുന്നത്. ഒരു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് കരാറുകാരൻ പറഞ്ഞു.