
മനുഷ്യന്റെ മതം മനുഷ്യത്വമാണെന്ന് അരുൾചെയ്ത യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവനും രാജ്യസീമകൾക്കും അപ്പുറത്ത് മനുഷ്യസമൂഹത്തെയാകെ ഒരു കുടുംബമായി വിശേഷിപ്പിച്ച വിശ്വകവി രവീന്ദ്രനാഥ ടാഗോറും ശിവഗിരിയിലെ വൈദികമഠത്തിൽ സംഗമിച്ച ചരിത്രമുഹൂർത്തം ഒരു നൂറ്റാണ്ട് പിന്നിടുകയാണ്.
1922 നവംബർ 15 നാണ് ഗുരുവര്യനെ കാണാൻ ശിവഗിരിക്കുന്നിലേക്ക് വിശ്വമഹാകവി എത്തിയത്. വിശ്വഭാരതി സർവകലാശാലയുടെ ധനശേഖരണാർത്ഥമായിരുന്നു രവീന്ദ്രനാഥ ടാഗോറിന്റെ സന്ദർശനം. ശ്രീനാരായണഗുരു തന്റെ ദർശനമാലയുടെ ആദ്യശ്ലോകത്തിൽ പറയുന്നത് അനന്തതയുടെ, അപാരതയുടെ മായികവൈഭവത്തെക്കുറിച്ചാണ്. അദ്വൈതത്തിന്റെ വിശാലതയിലേക്ക് മനസ് പായിച്ച ടാഗോറിന്റെ ഗീതാഞ്ജലി ആരംഭിക്കുന്നത്. "നീ എന്നെ അനന്തമായി സൃഷ്ടിച്ചു" എന്ന വാചകത്തോടെയാണ് . മനുഷ്യനെ മറന്നുകൊണ്ട് ദൈവത്തിന്റെ പിറകെ അലയാനുള്ളതല്ല ആത്മീയതയെന്ന് ഇരുവരും വിശ്വസിച്ചിരുന്നു. ഇത്രയൊക്കെ ചേർന്ന ആ ബ്രഹ്മജ്ഞാനികളുടെ സമാഗമം ശ്രേഷ്ഠമാകുന്നതിൽ അതിശയമില്ല.
ഇമവെട്ടാതെ ദീർഘനേരം നോക്കിയിരുന്ന ആ മഹാത്മാക്കൾ നിശബ്ദ സംവേദനത്തിലൂടെ പരസ്പരം വാരിപുണർന്നിട്ടുണ്ടാകാം. അധ:സ്ഥിത വർഗത്തിന്റെ ഉന്നമനത്തിനായി ഗുരു നടത്തിയ ശ്രേഷ്ഠമായ പ്രവർത്തനങ്ങളെ ടാഗോർ മുക്തകണ്ഠം പ്രശംസിച്ചു. എന്നാൽ ഗുരു നിശബ്ദം ചെറുപുഞ്ചിരിയോടെ ടാഗോറിന്റെ കണ്ണുകളിലേക്ക് ഏറെനേരം നോക്കിയിരിക്കുകയാണുണ്ടായത്.
തുടർന്ന് അവിടെ അല്പനേരം വല്ലാത്ത നിശ്ശബ്ദത പരന്നു. കേരളത്തെ ഭ്രാന്താലയമായി വിശേഷിപ്പിച്ച് സ്വാമി വിവേകാനന്ദൻ നടത്തിയ പരാമർശം മനസിൽവച്ച് ' അവിടുന്ന് ഏറെ പ്രവർത്തിച്ചുവല്ലോ കേരളം ഇന്ന് ഭ്രാന്താലയമല്ല, ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയായിരിക്കുന്നു.' എന്ന് ടാഗോർ പറഞ്ഞപ്പോൾ, ' നാം ഒന്നും ചെയ്യുന്നില്ലല്ലോ ' എന്നായിരുന്നു ഗുരുദേവന്റെ അർത്ഥസമ്പുഷ്ടമായ മറുപടി. ജാത്യാന്ധകാരത്തിന്റെ കൂരിരുട്ടിൽ നവോത്ഥാന വിപ്ലവത്തിന്റെ കൊടുങ്കാറ്റ് വീശിയ ആ യുഗപുരുഷൻ "താൻ ഒന്നും ചെയ്തിട്ടില്ലല്ലോ" എന്ന് നിസംഗം പറഞ്ഞതിന്റെ പൊരുൾ അറിയാതെ ജനവും ടാഗോറും വിസ്മയിച്ചു.
ഏറെനേരം അർത്ഥ ഗർഭമായ നിശബ്ദത അവിടെ തളംകെട്ടിനിന്നു . ഗുരുദേവന്റെ മറുപടിവാക്യങ്ങളുടെ പൊരുൾ, നൂറുവർഷത്തിനു ശേഷവും ഈശ്വരനെ മതങ്ങളിലൂടെ മാത്രം കാണുന്ന മലയാളികൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. അതാണ് പെരുകുന്ന ജാതീയ അസ്വാരസ്യങ്ങൾക്ക് കാരണം.
ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന ഏകലോക സൃഷ്ടിക്കായി ആയുസ്സും വപുസ്സും ആത്മതപസും ബലിയർപ്പിച്ച മഹാഗുരുവിന്റെ സ്മരണ നിലനിറുത്തുന്ന ഒരു സാമൂഹിക അന്തരീക്ഷം വളർത്തിയെടുത്താൽ കേരളം വീണ്ടും ദൈവത്തിന്റെ സ്വന്തം നാടാകും എന്നതിൽ സംശയമില്ല.
ലേഖകന്റെ ഫോൺ : 9446012054