water

കൊല്ലം: അമൃത് - 2 പദ്ധതിയുടെ ആദ്യഘട്ടമായി കൊല്ലം, പരവൂർ, പുനലൂർ നഗരസഭകളുടെ കുടിവെള്ള പദ്ധതികൾക്ക് ഭരണാനുമതിയായി. ഗാർഹിക ടാപ്പ് കണക്ഷൻ, പുതിയ വിതരണ ശൃംഖല, നിലവിലെ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കൽ, പുതിയ സംഭരണ ടാങ്കുകളുടെ നിർമ്മാണം എന്നിവയാണ് ആദ്യഘട്ട പദ്ധതിയിലുള്ളത്.

കൊട്ടാരക്കര, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികളുടെ അദ്യഘട്ട പദ്ധതികൾക്കും വൈകാതെ അനുമതി ലഭിക്കും. കൊല്ലം കോർപ്പറേഷനിൽ പുതിയ പതിനായിരം കുടിവെള്ള ടാപ്പ് കണക്ഷനുകൾ, 37 കിലോമീറ്റർ നീളത്തിൽ പുതിയ വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കൽ, ബിഷപ്പ് ജെറോം നഗറിന് സമീപം 15.67 ലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ ടാങ്കിന്റെ നിർമ്മാണം, പുതിയ പൈപ്പ് ലൈനുകളെ പഴയവയുമായി ബന്ധിപ്പിക്കൽ, മുണ്ടയ്ക്കലിൽ എട്ടുലക്ഷം ലിറ്ററിന്റെ കുടിവെള്ള ടാങ്ക്, വിവിധയിടങ്ങളിൽ പമ്പ് സെറ്റ് സ്ഥാപിക്കൽ എന്നീ പദ്ധതികൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.

പുനലൂരിൽ കലയനാട്ട് 60000 ലിറ്ററിന്റെ പുതിയ സംഭരണ ടാങ്ക്, 2338 കുടുംബങ്ങൾക്ക് പുതിയ കുടിവെള്ള ടാപ്പ് കണക്ഷൻ, പുതിയ വിതരണ ശ്യംഖല തുടങ്ങിയ പദ്ധതികൾക്ക് അനുമതിയായി. പുക്കുളത്തെ ജപ്പാൻ കുടിവെള്ള ടാങ്കിന്റെ നവീകരണം, പുതിയ കുടിവെള്ള ടാപ്പ് കണക്ഷൻ, പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾക്കാണ് അനുമതി.

നഗരസഭ, അനുമതി ലഭിച്ച തുക

പരവൂർ ₹ 13.15 കോടി

കൊല്ലം ₹ 41.58 കോടി

പുനലൂർ ₹ 8.98 കോടി