
കൊല്ലം: വർഷത്തിൽ രണ്ടു തവണ കായ്ക്കുന്ന സിന്ദൂർ വരിക്ക പ്ളാവ് നാട്ടിൻപുറങ്ങളിലേക്കും വ്യാപിക്കുന്നു. അസ്തമയ സൂര്യന്റെ നിറമാണ് പഴുത്ത സിന്ദൂർ ചക്കയുടെ ചുളയ്ക്ക്. ചക്കപ്പഴത്തിന്റെ ഉറപ്പും പോഷക മൂല്യങ്ങളുടെ മികവുമാണ് ഇതിനെ കർഷകപ്രേമിയാക്കുന്നത്. കേരള കാർഷിക സർവകലാശാലയുടെ കൊല്ലം സദാനന്ദപുരം കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്തതാണ് സിന്ദൂർ പ്ലാവ്. തൈകൾക്ക് ആവശ്യക്കാർ വർദ്ധിച്ചതോടെ വെള്ളായണി കാർഷിക സർവകലാശാല സെന്ററിലും തൈകൾ ബഡ് ചെയ്ത് വളർത്തിത്തുടങ്ങി.
ഗ്രാമീണ കാർഷിക ഇടങ്ങളിൽ നിന്ന് അപൂർവ ഇനം പ്ലാവുകൾ ശേഖരിച്ച് അവ നിരന്തരം ഗ്രാഫ്ട് ചെയ്ത് വളർത്തിയെടുത്തതാണിത്. മികച്ച മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാമെന്നതും സിന്ദൂറിന്റെ സവിശേഷതയാണ്. കഴിഞ്ഞ വർഷം ഉത്പാദിപ്പിച്ച 25,000 തൈകളാണ് സർവകലാശാലയുടെ വിവിധ ഔട്ട്‌ലെറ്റുകളിലൂടെ വില്പന നടത്തുന്നത്. സദാനന്ദപുരത്തെ ഫാമിംഗ് റിസേർച്ച് സ്റ്റേഷനിൽ 2015ൽ വികസിപ്പിച്ചെടുത്ത പ്ലാവിന് പ്രളയവും കൊവിഡും കാരണം കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. കഴിഞ്ഞ വർഷം മുതലാണ് പ്രചാരം കൂടിയത്.
സാധാരണ പ്ളാവിൻ തൈകളിൽ സിന്ദൂറിന്റെ കമ്പുകൾ ബഡ് ചെയ്താണ് പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നത്. ഇതിനായി 15 ലധികം പ്ലാവുകൾ കാമ്പസിൽ വളർത്തിയിട്ടുണ്ട്. കേരള കൃഷി വിജ്ഞാന കേന്ദ്രം പ്രൊഫസർ ആൻഡ് പ്രോജക്ട് ഹെഡ് ബിനി സാം, അസി. പ്രൊഫസർ ഷംസിയ, സർവകലാശാല എഫ്.എസ്.ആർ.എസ് അസി. പ്രൊഫസർ ബി.ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.
നാലാംവർഷം ഫലം തരും
കുറഞ്ഞ അസിഡിറ്റി, കൂടുതൽ വൈറ്റമിൻ സി, കരോട്ടിനോയ്ഡ്
തൈ വില ₹ 200
കായ്ക്കുന്നത് - ജനുവരി - ഏപ്രിൽ, ജൂൺ - ആഗസ്റ്റ്
ഭാരം - 12കിലോ വരെ
10 വർഷം കഴിഞ്ഞ പ്ളാവിൽ കുറഞ്ഞത് 25 ചക്കകൾ
മൂല്യവർദ്ധിത ഉത്പന്നങ്ങൾ
സദാനന്ദപുരം കൃഷികേന്ദ്രത്തിൽ പോഷകസമൃദ്ധമായ ജ്യൂസ്, ജാം, മിഠായി, കുക്കീസ് തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഇതിൽനിന്ന് നിർമ്മിച്ചുതുടങ്ങി. ഈ വർഷം മുതൽ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കും.
സിന്ദൂർ തൈകളുടെ വില്പന വർദ്ധിച്ചതോടെ
കൂടുതൽ തൈകൾ ബഡ് ചെയ്യുന്നുണ്ട്.
ഡോ. അലൻ തോമസ്
ഫാമിംഗ് റിസേർച്ച് സ്റ്റേഷൻ മേധാവി,
കാർഷിക സർവകലാശാല, സദാനന്ദപുരം