1-

കൊല്ലം: ശിശുദിനറാലിയെ തുടർന്ന് അശാസ്ത്രീയ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് മണിക്കൂറുകളോളം നഗരത്തെ ഗതാഗതകുരുക്കിലാക്കി. സാധാരണ നിലയിൽ കളക്ടറേറ്റ്, ഹൈസ്‌കൂൾ ജംഗ്‌ഷൻ, താലൂക്ക് കച്ചേരി എന്നിവിടങ്ങളിൽ ഏതെങ്കിലും തരത്തിൽ ഗതാഗതക്കുരുക്കിന് കാരണമായാൽ വെള്ളയിട്ടമ്പലം, വാടി, ബീച്ച് വഴിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. തിരികെയുള്ള വാഹനങ്ങളും ഇതുവഴി തന്നെയാണ് കടന്നുപോകുന്നത്. എന്നാൽ ഇന്നലെ ചിന്നക്കട ഭാഗത്തേക്കുള്ള വാഹനങ്ങൾ ഹൈസ്‌കൂൾ ജംഗ്‌ഷനിൽ നിന്ന് തിരിച്ച് കോട്ടമുക്ക് മെയിൻ റോഡ് വഴിയാണ് കടത്തിവിട്ടത്. കല്ലുപാലം നിർമ്മാണത്തിന്റെ പേരിൽ ഇതുവഴിയുള്ള റോഡിൽ ഗതാഗതം നിറുത്തിയിട്ട് മൂന്ന് വർഷത്തോളമായെന്ന കാര്യം മറന്നുകൊണ്ടാണ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റും ജില്ലാ ഭരണകൂടവും വാഹനങ്ങൾ ഇതുവഴി തിരിച്ചുവിട്ടത്. കോട്ടമുക്ക് ജംഗ്‌ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് അമ്മച്ചിവീട്, സൂചിക്കാരൻ മുക്ക്, ബീച്ച് വഴിയാണ് വാഹനങ്ങൾ സഞ്ചരിച്ചത്. കെ.എസ്.ആർ.ടി.സിയുൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കോട്ടമുക്കിൽ തിരിയാൻ ബുദ്ധിമുട്ടിയതും വാഹന സാന്ദ്രത കൂടിയ സമയമായ രാവിലെ 10ന് ഇത്തരം നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നതും ഗതാഗത കുരുക്കിന് കാരണമായി. കല്ലുപാലം നിർമ്മാണത്തിന്റെ പേരിൽ ഇരുചക്രവാഹനങ്ങൾ പോലും കടന്നുപോകുന്നത് തടഞ്ഞിട്ടുണ്ട്. പാലം നിർമ്മാണം അനിശ്ചിതമായി നീണ്ടിട്ടും ഇതുവഴി വാഹനങ്ങൾ കടത്തിവിട്ടത് അധികൃതരുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണ്.

# ട്രാഫിക് എൻഫോഴ്‌സ്‌മെന്റിനെ അറിയിച്ചില്ല

ശിശുദിനറാലിയെത്തുടർന്ന് ഗതാഗത നിയന്ത്രണം ആവശ്യമാണെന്ന കാര്യം ട്രാഫിക് എൻഫോഴ്സ്മെന്റിനെ അറിയിക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ച. കുട്ടികളുടെ റാലിയുണ്ടാകുമെന്ന് മുൻകൂട്ടി അറിയാമായിരുന്നെങ്കിലും കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവും പങ്കാളിത്തവും കണക്കിലെടുക്കാനും ഗതാഗത നിയന്ത്രണത്തിന്റെ ആവശ്യകത മനസിലാക്കാനും അധികൃതർക്കായില്ല. മുൻകൂട്ടി ഇക്കാര്യം സിറ്റി പൊലീസിനെയും ട്രാഫിക് എൻഫോഴ്സ്മെന്റിനെയും അറിയിച്ചിരുന്നെങ്കിൽ കാര്യക്ഷമമായ ഇടപെടൽ നടത്താനും മാദ്ധ്യമങ്ങൾ വഴി പൊതുജനങ്ങൾക്ക് നിയന്ത്രണ മുന്നറിയിപ്പ് നൽകാനും കഴിയുമായിരുന്നു.