കൊല്ലം: സർക്കാർ ഓഫീസുകൾ പലതവണ കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥരുടെ അവഗണനയിൽ മനംനൊന്ത് ഭിന്നശേഷിക്കാരനായ വൃദ്ധൻ കളക്ടറേറ്റിനുള്ളിൽ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഗൺമാനും മറ്റ് ജീവനക്കാരും പിന്തിപ്പിച്ചതിനാലാണ് ദുരന്തം ഒഴിവായത്. കരീപ്ര സ്വദേശി, നെല്ലിമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന ഭൈരവനാണ് (58) ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ പിന്തള്ളിയതിന് പുറമെ അർഹതപ്പെട്ട ക്ഷേമനിധി ആനുകൂല്യവും നിഷേധിച്ച ഉദ്യോഗസ്ഥരുടെ ക്രൂരതയിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം.

ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ഭൈരവന്റെ ദയനീയാവസ്ഥ ഇങ്ങനെ: കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു ഭൈരവൻ, 2019 ജനുവരിയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ വലതുകാലിന് പരിക്കേറ്റു. ഒടുവിൽ മുട്ടിന് താഴെ കാൽ മുറിച്ചുമാറ്റി. ക്ഷേമനിധി അംഗമായ ഭൈരവൻ തന്റെ വിഹിതം കൃത്യമായി അടച്ചിരുന്നതാണ്. പക്ഷെ അപകട ഇൻഷ്വറൻസ് ഇനത്തിൽ ഒരു ലക്ഷം രൂപയ്ക്കായി വർഷങ്ങളായി കയറിയിറങ്ങിയിട്ടും അനുവദിച്ചില്ല.

ലൈഫ് പദ്ധതി പ്രകാരം കൊറ്റങ്കര പഞ്ചായത്തിൽ 2019 ൽ അപേക്ഷ നൽകുകയും പഞ്ചായത്ത് മുഖത്തല ബ്ലോക്കിലേക്ക് അപേക്ഷ കൈമാറുകയും ചെയ്തു. നേരത്തെ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തായിരുന്നു. അടുത്തിടെ അന്വേഷിച്ചപ്പോൾ 81-ാം സ്ഥാനത്തായി. ഇതിനിടെ വാടകവീട്ടിൽ നിന്ന് ഒഴിയണമെന്ന് വീട്ട് ഉടമസ്ഥർ അറിയിച്ചു. കളക്ടർക്ക് നേരിട്ട് പരാതി നൽകിയിട്ടും ഇടപെടലുണ്ടായില്ല. ഇതോടെയാണ് ഭൈരവൻ ഇന്നലെ കളക്ടറേറ്റിലെത്തിയത്. ഭാര്യ സിന്ധുവും ഒപ്പമുണ്ടായിരുന്നു. കൈയിൽ പെട്രോൾ കരുതിയിരിക്കുന്ന കാര്യം ഭാര്യ അറിഞ്ഞിരുന്നില്ല. ഭാര്യ കളക്ടറുടെ ചേംബറിലേക്ക് കയറിയപ്പോൾ ഭൈരവൻ ശരീരത്തിലൂടെ പെട്രോൾ ഒഴിക്കുകയായിരുന്നു.

ഭൈരവനെ വെസ്റ്റ് പെലീസ് കസ്റ്റഡിയിലെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശ്രുശ്രൂഷ നൽകി. ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. അതേ സമയം ഭൈരവന്റെ പേര് ലൈഫ് പട്ടികയിൽ ഉണ്ടെന്നും ക്രമം അനുസരിച്ചു വീട് ലഭ്യമാക്കുമെന്നും കൊറ്റങ്കര പഞ്ചായത്ത് അധികൃതർ പറഞ്ഞു.

ഭക്ഷണം റേഷനരി കഞ്ഞിയും അവലും

മക്കളില്ലാത്ത ഭൈരവനും സിന്ധവും റേഷനരി കഞ്ഞിയും അവലും കഴിച്ചാണ് ജീവിതം തള്ളിനീക്കുന്നത്. ഒരു കാൽ ഇല്ലാത്തതിനാൽ ലോട്ടറി കച്ചവടം പോലും പറ്റുന്നില്ല. കിട്ടുന്നില്ല 30 കിലോ റേഷനരിയിൽ 15 കിലോ വിൽക്കും. കിട്ടുന്ന കാശ് കൊണ്ട് അവൽ വാങ്ങി കുതിർത്ത് കഴിക്കും. ഇരുവരും ഹൃദ്രോഗികളുമാണ്. ഭാര്യയ്ക്ക് ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ കൂടി കഴിയാതെ വന്നതോടെയാണ് ഭൈരവൻ കടുംകൈയ്ക്ക് മുതിർന്നത്.