
കൊല്ലം: സ്വകാര്യ ബസുകളെ വെട്ടിയൊതുക്കി സർവീസ് പിടിച്ചെടുത്ത റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്താതായതോടെ ജനങ്ങൾ പെരുവഴിയിൽ.
വരുമാന നഷ്ടത്തിന്റെ പേരിൽ ആനവണ്ടി പിന്നാക്കം പോയതോടെയാണ് യാത്രാ ക്ളേശം രൂക്ഷമായത്. ഇതിനിടെ ജില്ലയിൽ മുമ്പ് സർവീസ് നടത്തിയിരുന്ന 500 ഓളം സ്വകാര്യ ബസുകൾ അപ്രത്യക്ഷമാവുകയും ചെയ്തു.
കൊവിഡിന് മുമ്പാണ് സ്വകാര്യ ബസുകാരുമായി മത്സരിച്ച് കെ.എസ്.ആർ.ടി.സി കൂടുതൽ റൂട്ടുകളിൽ സർവീസുകൾ നടത്തിയത്. സ്വകാര്യന്മാർ തലങ്ങും വിലങ്ങും പാഞ്ഞിരുന്ന ഭാഗങ്ങളിലൊക്കെ ആനവണ്ടി ആധിപത്യം സ്ഥാപിച്ചു. സർക്കാരിന് വരുമാനം ലഭിക്കട്ടെയെന്നുകരുതി യാത്രക്കാരും ആനവണ്ടിയെ സ്നേഹിച്ചു. എന്നാൽ കെടുകാര്യസ്ഥതയും പതിവ് പ്രതിസന്ധികളും സർവീസ് വെട്ടികുറയ്ക്കുന്ന തലത്തിലേക്കാണ് കെ.എസ്.ആർ.ടി.സി നിലപാട് സ്വീകരിച്ചത്.
സർവീസ് വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി
തിരക്കേറിയ അഞ്ചാലുംമൂട് റൂട്ടിൽ നേരത്തെ ലിമിറ്റഡ് സോപ്പ് ഒഴികെ ഇരുപതിലധികം കെ.എസ്.ആർ.ടി.സി ബസുകളാണ് ഓർഡിനറി സർവീസ് നടത്തിയിരുന്നത്. ഒന്നുപോലും ഇപ്പോഴില്ല. പ്രാക്കുളത്തേക്ക് അഞ്ചും അഷ്ടമുടിയിലേക്ക് മൂന്നും കെ.എസ്.ആർ.ടി.സി ബസുകൾ ഉണ്ടായിരുന്നു. ഇതോടെ ഈ രണ്ടിടത്ത് മാത്രം ആറ് സ്വകാര്യബസുകൾ സർവീസ് അവസാനിപ്പിച്ചു. നിലവിൽ ഇരുകൂട്ടരും ഇല്ലാത്ത അവസ്ഥയാണ്. കൊല്ലം ചെങ്ങന്നൂർ ലിമിറ്റഡ് സ്റ്റോപ്പ് ചെയിൻ സർവീസ് മാത്രമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്. ഇതേ റൂട്ടിൽ ഒരു ഫാസ്റ്റ് പാസഞ്ചറുമുണ്ട്. സ്വകാര്യബസുകളുടെ കടന്നുകയറ്റം തടയുകയാണ് ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ട് ബൈപ്പാസ് വഴി ആരംഭിച്ച ബസുകളും ഇപ്പോൾ പേരിന് മാത്രമായി. കൊല്ലം ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയിരുന്ന കൂട്ടിക്കട, കുരീപ്പുഴ, പ്രാക്കുളം, അഷ്ടമുടി, പെരുമൺ, വെള്ളിമൺ, പനയം, കൈതക്കോടി, കുമ്പളം, പടപ്പക്കര, മൺറോത്തുരുത്ത്, കൂട്ടിക്കട, ചിറക്കര ക്ഷേത്രം സർവീസുകളും നിറുത്തി. ശരാശരി വരുമാനത്തിന് മുകളിൽ ലഭിക്കുന്ന സർവീസുകളായിട്ടുകൂടി ഇവ പുനരാരംഭിക്കാത്തതിൽ യാത്രക്കാർ പ്രതിഷേധത്തിലാണ്.
കൊവിഡിന് മുമ്പ് ജില്ലയിൽ സ്വകാര്യ ബസ് പെർമിറ്റ്: 1100
നിലവിൽ സർവീസുകൾ: 600
മൂന്ന് വർഷത്തിനിടെ പെർമിറ്റ് സറണ്ടർ ചെയ്തത്: 400 ലേറെ
ഡിപ്പോ തലത്തിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണം (2021 ജനുവരിയിൽ)
(നിലവിൽ പകുതി പോലും ഇല്ല)
ചടയമംഗലം - 47
ചാത്തന്നൂർ - 46
കരുനാഗപ്പള്ളി - 73
കുളത്തൂപ്പുഴ - 32
കൊല്ലം - 99
കൊട്ടാരക്കര - 106
പത്തനാപുരം - 47
പുനലൂർ - 62 
ആര്യങ്കാവ് - 15
ഡിപ്പോ തലത്തിൽ നിന്ന് ജില്ലാ പൂൾ നിലയിലേക്ക് സർവീസുകൾ മാറിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
കെ.എസ്.ആർ.ടി.സി അധികൃതർ