
കൊല്ലം: കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ച ബി.പി.എൽ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പെൻഷനുള്ള അപേക്ഷ താലൂക്ക്, വില്ലേജ് ഓഫീസുകളിലെ ഫയലുകളിൽ കുടുങ്ങി.
അന്വേഷണത്തിന് അയച്ച 1480 അപേക്ഷകൾ താലൂക്ക്, വില്ലേജ് ഓഫീസുകളിൽ നിന്ന് മടക്കി ലഭിച്ചിട്ടില്ല. ആശ്രിതൻ കൊവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ കുടുംബങ്ങൾക്ക് അഞ്ച് വർഷത്തേക്ക് പ്രതിമാസം 5000 രൂപ വീതമാണ് സർക്കാർ പെൻഷൻ പ്രഖ്യാപിച്ചത്.
കൊവിഡ് പെൻഷനായി 2020 അപേക്ഷകളാണ് ജില്ലയിൽ ലഭിച്ചത്. ഇതിൽ 500 അപേക്ഷകൾ നിരസിച്ചു. ഇതിനോടകം 42 പേർക്ക് പെൻഷൻ വിതരണം തുടങ്ങി. 90 പേർക്ക് ഉടൻ വിതരണം തുടങ്ങും. ബാക്കിയുള്ള അപേക്ഷകളാണ് താലൂക്ക്, വില്ലേജ് ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിൽ കുടുങ്ങിയത്. കൊവിഡ് മരണ പെൻഷനുള്ള അപേക്ഷ ഒരു വർഷം മുൻപാണ് വാങ്ങിത്തുടങ്ങിയത്. ആദ്യഘട്ടത്തിൽ കൊവിഡ് ബാധിച്ചാണ് മരണമെന്ന സർട്ടിഫിക്കറ്റ് കിട്ടാൻ പലരും പ്രയാസം നേരിട്ടിരുന്നു. ആശുപത്രികൾ പലതവണ കയറിയിറങ്ങി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചാണ് പലരും അപേക്ഷ നൽകിയത്. അപേക്ഷരിൽ ബഹുഭൂരിപക്ഷവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ്. പല അപേക്ഷകരുടെ മക്കൾ വിദ്യാർത്ഥികളാണ്. ബന്ധുക്കളുടെ കാരുണ്യത്തിലാണ് ഈ കുടുംബങ്ങളിൽ പലതും പുലരുന്നത്. ഗുരുതര രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരുമുണ്ട്.
പരിശോധന റിപ്പോർട്ട് വൈകുന്നു
അനർഹമായ അപേക്ഷകൾ വന്നതുകൊണ്ടാണ് പരിശോധന റിപ്പോർട്ട് വൈകുന്നതെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. അമിത ജോലി ഭാരവും ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പെൻഷൻ നൽകുന്നത്. സമയബന്ധിതമായി അപേക്ഷകൾ തീർപ്പാക്കുന്നതിൽ സർക്കാർ സമ്മർദ്ദം ചെലുത്തുന്നില്ലെന്നും പരാതിയുണ്ട്. ഇപ്പോൾ കൊവിഡ് ബാധിച്ച് ആശ്രിതൻ മരിക്കുന്ന ബി.പി.എൽ കുടുംബങ്ങൾക്കും പെൻഷന് അപേക്ഷിക്കാം.
ആകെ ലഭിച്ച അപേക്ഷകൾ - 2020
നിരസിച്ചത് - 500
പെൻഷൻ അനുവദിച്ചത് - 42
പരിശോധന പൂർത്തിയായത് - 90