
കുന്നത്തൂർ : കടമ്പനാട്ട് പത്താം ക്ലാസ് വിദ്യാർത്ഥികളെ പേരും ജാതിയും ചോദിച്ച ശേഷം ഏഴംഗ സംഘം നടുറോഡിൽ ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. കടമ്പനാട് കെ.ആർ.കെ.പി.എം സ്കൂളിലെ വിദ്യാർത്ഥികളായ സിനിമാപറമ്പ് പോരുവഴി കമ്പലടി സ്വദേശികളായ അഫ്സൽ,യാസർ,അസർ എന്നിവർക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ രക്ഷിതാക്കൾ ഏനാത്ത് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ: കടമ്പനാട് സ്കൂളിൽ വച്ച് നടക്കുന്ന ശാസ്താംകോട്ട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 'ദഫ്‌മുട്ട്' മത്സരത്തിൽ പങ്കെടുക്കാൻ പരിശീലനത്തിനെത്തിയ കുട്ടികൾക്കാണ് ഞായറാഴ്ച വൈകിട്ട് മർദ്ദനമേറ്റത്. കടമ്പനാട് ജംഗ്ഷനിലുള്ള കടയിൽ വെള്ളം കുടിക്കാനെത്തിയപ്പോൾ കുട്ടികൾ തമ്മിൽ സൗഹൃദപരമായി സംസാരമുണ്ടായി .ഈ സമയം നാട്ടുകാരായ ഏഴോളം പേർ മാരകായുധങ്ങളുമായി ഓടിയെത്തി കുട്ടികളുടെ പേരും ജാതിയും ചോദിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവത്രേ. ആക്രമണത്തിന്റെ വീഡിയോ പരിശോധിച്ച് പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഏനാത്ത് പൊലീസ് അറിയിച്ചു. അതിനിടെ മർദ്ദനമേറ്റ വിദ്യാർത്ഥികൾ ബേക്കറിയിൽ എത്തിയ കടമ്പനാട് സ്വദേശിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് സൂചന. സംഭവം കണ്ടു നിന്ന നാട്ടുകാർ വിഷയത്തിൽ ഇടപെടുകയും കുട്ടികളോട് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഇവർ കൂട്ടാക്കിയില്ലെന്നും നാട്ടുകാർക്ക് നേരെ തട്ടിക്കയറുകയും ചെയ്തതായി പറയുന്നു. എന്നാൽ മർദ്ദനമേറ്റ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഏനാത്ത് പൊലീസ് അറിയിച്ചു.