
കൊല്ലം: കരിഞ്ചന്തയിൽ വിൽക്കാനായി കൃത്യമായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പാചക വാതക സിലിണ്ടറുകൾ പിടികൂടി. പാരിപ്പള്ളിയിൽ നിന്നും ലോറിയിൽ കടത്തിക്കൊണ്ടു വന്ന 93 സിലിണ്ടറുകൾ കല്ലുവാതുക്കൽ വച്ചാണ് പൊതുവിതരണ വകുപ്പ്
അധികൃതർ പിടിച്ചെടുത്തത്.
പാരിപ്പള്ളി കേന്ദ്രീകരിച്ച് വ്യാപകമായി അനധികൃത എൽ.പി.ജി സിലിണ്ടറുകൾ വിൽപ്പന നടത്തുന്നതായി ജില്ലാ സപ്ലൈ ഓഫീസർ സി.വി.മോഹൻകുമാറിന് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ രാവിലെ 11ഓടെ കൊല്ലം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് കല്ലുവാതുക്കലിൽ ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനം തടയുകയായിരുന്നു. ഈ വാഹനത്തിന്റെ ഡ്രൈവർ തന്നെയാണ് വിതരണക്കാരൻ. ഗ്യാസ് ഏജൻസികളിൽ നിന്നും സിലിണ്ടറുകൾ വാങ്ങി കൂടുതൽ സിലിണ്ടറുകൾ ആവശ്യമുള്ളവർക്ക് വിതരണം ചെയ്യുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ വിശദീകരണം. എന്നാൽ കൃത്യമായ ബില്ലുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. വരും ദിവസങ്ങളിൽ ഇദ്ദേഹത്തിന് സിലിണ്ടറുകൾ നൽകിയ ഏജൻസികളിൽ പരിശോധന നടത്തും.
സിലിണ്ടറുകൾ സമീപത്തെ ഗ്യാസ് ഏജൻസിയിലേക്കും വാഹനം കൊല്ലം സപ്ലൈകോ ഗോഡൗണിലേക്കും മാറ്റി. താലൂക്ക് സപ്ലൈ ഓഫീസർ ഗോപകുമാർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ഉല്ലാസ്, രജനീ ദേവി റിഞ്ചു ജോസഫ് , പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.