ചവറ : ചവറ ടി.എസ് കനാലിൽ പൊൻമന കൊട്ടാരത്തിൻ കടവ് ,കന്നിട്ടകടവ് എന്നിവിടങ്ങളിൽ യാത്രാദുരിതമേറി. കടത്തുവള്ളങ്ങൾക്കും ചങ്ങാട സർവീസിനും മറ്റു മത്സ്യബന്ധന യാനങ്ങൾക്കും കായലിൽ സർവീസ് നടത്താനാവാത്ത വിധം വഴിമുടക്കിയിരിക്കുകയാണ് കുളവാഴകൾ.
ജില്ലയിലെ പ്രശസ്തമായ പൊൻമന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലേക്ക് പോകുന്നവർക്കും വരുന്നവർക്കുമാണ് ഏറെ കഷ്ടപ്പാട്. ആളുകളെ അക്കരെ ഇക്കരെ എത്തിക്കാൻ കടത്തുകാരും ജങ്കാർ ജീവനക്കാരും പെടാപ്പാടുപെടുകയാണ്. കുളവാഴകൾ കൂട്ടത്തോടെ ഒഴുകിയെത്തി വെള്ളമൊഴുക്ക് നിലച്ച അവസ്ഥയിലാണ് ടി.എസ് കനാൽ.
അധികൃതർ ഇടപെടുമെന്ന പ്രതീക്ഷയിൽ
വൃശ്ചികം 12ന് വിളക്ക് മഹോത്സവത്തിനായി കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രത്തിലേക്ക് പതിനായിരങ്ങളെത്തുമ്പോൾ ദേശീയ ജലപാതയിലെ ഈ യാത്രാ ദുരിതം നീക്കാൽ അധികൃതർ ഉടൻ ഇടപെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കൊട്ടാരത്തിൻ കടവിൽ നാലുകടത്തുവള്ളങ്ങൾ ദിനംപ്രതി ഉണ്ടെങ്കിലും കുളവാഴ ശല്യം കാരണം ഒരുവള്ളത്തിൽ രണ്ടുപേർ നിന്ന് ഊന്നേണ്ട അവസഥയാണ്. ക്ഷേത്രം വക ജങ്കാറുകൾ കരയിലേക്കടുപ്പിക്കാനും പ്രയാസപ്പെടുകയാണ് .
മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ
കുളവാഴ ശല്യം രൂക്ഷമായതോടെ കരുനാഗപ്പള്ളി, കന്നേറ്റി കായലിലും വട്ടക്കായലിലും ടി.എസ് കനാലിലും മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളും മത്സ്യം കിട്ടാതെ വലയുകയാണ്. അടുത്തിടെ വട്ടക്കായലിൽ മത്സ്യബന്ധനത്തിന് പോയതൊഴിലാളിയുടെ വള്ളം കുളവാഴയിൽ മണിക്കുറുകളോളം കുരുങ്ങി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളർന്നുവീണ തൊഴിലാളിയെ ഫയർഫോഴ്സ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
റോപ്പ് കെട്ടാൻ അനുമതിയില്ല
കരുനാഗപള്ളി, കന്നേറ്റി, വട്ടക്കായലിൽ നിന്ന് ഒഴുകിയെത്തുന്ന കുളവാഴകൾ ടി.എസ് കനാൽ വഴി ഒഴുകി പോകുമ്പോൾ ടൈറ്റാനിയം എം.എസ് പ്ലാന്റിന് സമീപം ചങ്ങാട സർവീസുകാർ റോപ്പ് കെട്ടി തടയുന്നതാണ് പ്രശ്നത്തിന് കാരണം. ദേശീയ ജലപാതയ്ക്ക് കുറുകെ റോപ്പ് കെട്ടാൻ അനുമതിയില്ലാഞ്ഞിട്ടും റോപ്പ്കെട്ടി കുളവാഴകൾ തടയുന്നു. എന്നാൽ വേലിയിറക്ക സമയത്തെങ്കിലും ഈ റോപ്പുകൾ അഴിച്ചു മാറ്റിയാൽ ഒരു പരിധി വരെ ഇവ ഒഴുകി കടലിലേക്ക് പോകും.
ദേശീയ ജലപാത നാശത്തിലേക്ക്
ടി എസ് കനാലിലെ നീരൊഴുക്ക് നിലച്ചതിന് കാരണം കുളവാഴകളും പായലും എക്കലും മറ്റു മാലിന്യങ്ങളും അടിഞ്ഞുകൂടുന്നതാണെന്ന് നാട്ടുകാർ പറയുന്നു. മുമ്പ് കൊല്ലം - ആലപ്പുഴ ബോട്ട് സർവീസ് ഉൾപ്പെടെ നടന്നിരുന്ന ഈ ദേശീയ ജലപാത അധികാരികളുടെ കെടുകാര്യസ്ഥതമൂലം നാശത്തിലേക്ക് പോകുകയാണ്.