കൊല്ലം: അനുവദനീയമായ അളവിൽ കൂടുതൽ യാത്രക്കാരെ കയറ്റുകയും ലൈഫ് ജാക്ക​റ്റ് ധരിപ്പിക്കാതെ ​വിനോദസഞ്ചാരം നടത്തുകയും ചെയ്ത യാനങ്ങളുടെ രജിസ്‌ട്രേഷൻ കനാൽ ഓഫീസർ റദ്ദാക്കി. ഈസ്റ്റ് കല്ലട ശിങ്കാരപ്പള്ളി ദിലീപ് ഭവനിൽ ആംബുലാലിന്റെ ഉടമസ്ഥതയിലുള്ള രണ്ട് യാനങ്ങളുടെ രജിസ്‌ട്രേഷനും ലൈസൻസുമാണ് റദ്ദാക്കിയത്. കരയിൽ നിന്ന് മൊബൈലിൽ വീഡിയോ ചിത്രീകരിച്ച വ്യക്തികളെയും പഞ്ചായത്ത് അംഗമായ വനിതയെയും സഞ്ചാരികളുടെ സാന്നിദ്ധ്യത്തിൽ കടത്തുകാരൻ അവഹേളിക്കുകയും ചെയ്തതായി പരാതിയുണ്ട്. സ്വകാര്യ ആവശ്യത്തിനടക്കം തുടർന്നും ഉപയോഗിച്ചാൽ യാനങ്ങൾ കണ്ടുകെട്ടുമെന്നും ജലയാന ഉടമസ്ഥരും നടത്തിപ്പുകാരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കനാൽ ഓഫീസർ അറിയിച്ചു.