അടിത്തറയും മേൽക്കൂരയും തകർന്നു
തൂണുകൾ ആപ്പിന്റെ ബലത്തിൽ
മഴ വെള്ളം റവന്യൂ രേഖകളിൽ
എഴുകോൺ : എഴുകോൺ വില്ലേജ് ഓഫീസിന് അടുത്ത ഒരു മഴക്കാലത്തെ അതിജീവിക്കാനാകുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും നാട്ടുകാരും. അടിത്തറയും മേൽക്കൂരയും ഒരു പോലെ തകർന്നിട്ടും പുതിയ ഓഫീസിന്റെ കാര്യത്തിൽ തീരുമാനമെടുക്കാതെ ഇരുട്ടിൽ തപ്പുകയാണ് അധികൃതർ.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പി. ഐഷാപോറ്റിയുടെ ശ്രമഫലമായി സ്മാർട്ട് വില്ലേജ് ഓഫീസിനുള്ള ഫണ്ട് അനുവദിച്ചിരുന്നു. കെട്ടിടം പൊളിക്കുന്നതിനുള്ള നടപടി ക്രമം ആരംഭിക്കുകയും ഓഫീസിന്റെ പ്രവർത്തനം പഞ്ചായത്ത് ലൈബ്രറി ഹാളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.എന്നാൽ ഭൂമി സംബന്ധമായ ചില തർക്കങ്ങളും വ്യവഹാരങ്ങളും വന്നതോടെ തീരുമാനം ഉപേക്ഷിച്ച് പഴയ നിലയിലേക്ക് മടങ്ങുകയായിരുന്നു.
അറ്റകുറ്റ പണി നടക്കില്ല
നിലവിലെ കെട്ടിടത്തിന്റെ മേച്ചിൽ ഓടുകൾ മേൽക്കൂരയിൽ നിന്ന് നിരങ്ങിയിറങ്ങിയ നിലയിലാണ്. പല ഭാഗത്തും ഓടുകൾ പൊട്ടിയിട്ടുണ്ട്. പൊട്ടിയ ഭാഗത്ത് തിരുകി വച്ച തകര ഷീറ്റുകളും ജീർണ്ണിച്ചു തുടങ്ങി. ചെറിയ തോതിലുള്ള അറ്റകുറ്റ പണി പോലും അസാദ്ധ്യമാക്കും വിധം വരാന്തയെ താങ്ങി നിറുത്തുന്ന മരത്തൂണുകൾ ദ്രവിച്ചു കഴിഞ്ഞു. പല തൂണുകളും ആപ്പിന്റെ ബലത്തിലാണ് വീഴാതെ നിൽക്കുന്നത്.
മേൽക്കൂരയ്ക്ക് കീഴെ മച്ചിൽ പാകിയ പലകകൾ പലതും ഊർന്നു വീണിട്ട് നാളുകളായി. മഴ വെള്ളം നേരേ വിലപ്പെട്ട റവന്യൂ രേഖകളിലേക്ക് വീണ് നശിക്കുന്നത് നിസഹായരായി നോക്കി നിൽക്കാനേ ജീവനക്കാർക്ക് കഴിയൂ. ഉൾഭിത്തികളിലും പുറംചുമരുകളിലും വെള്ളം വീണ് നനഞ്ഞ് പായൽ പിടിച്ചിട്ടുണ്ട്.കെട്ടിടത്തിനോട് ചേർന്ന് വാഹന പാർക്കിങ്ങിന് ഷീറ്റിട്ട് നിർമ്മിച്ച ഷെഡ് ഷീറ്റുകൾ നഷ്ടപ്പെട്ട് അസ്ഥിക്കോലമായി നിൽക്കുകയാണ്.
നടപടികൾ കടലാസിൽ
എഴുകോണിലെ പൊതുചന്തയോട് ചേർന്നുള്ള അഞ്ച് സെന്റ് ഭൂമി വില്ലേജ് ഓഫീസിന് നൽകാമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ വാഗ്ദാനം ചെയ്തിരുന്നു. അണ്ടർ ഗ്രൗണ്ട് പാർക്കിംഗോടെയുള്ള റവന്യൂ ടവർ എന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. റവന്യു അധികാരികൾ സ്ഥല പരിശോധനയ്ക്ക് എത്തിയെങ്കിലും പഞ്ചായത്ത് റവന്യൂ തലങ്ങളിൽ പിന്നീടുള്ള നടപടികൾ കടലാസിൽ വിശ്രമിക്കുകയാണ്.
ജനങ്ങളുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന നിലയിലാണ് എഴുകോൺ വില്ലേജ് ഓഫീസ് കെട്ടിടം. ഒരു ദുരന്തത്തിന് കാത്ത് നിൽക്കാതെ അടിയന്തരമായി പുതിയ ഓഫീസ് ഉണ്ടാകണം.
ജി.കമലാസനൻ,
പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി, എഴുകോൺ.