കൊല്ലം: ജില്ലാ ശിശുക്ഷേമസമിതി, ജില്ലാ ഭരണകൂടം, എൻ.എസ് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നഗരവീഥികളെ വർണാഭമാക്കിയ ഘോഷയാത്രയടക്കം വിപുലമായ പരിപാടികളോടെ ജില്ലയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.
രാവിലെ 9ന് സർക്കാർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാരംഭിച്ച ഘോഷയാത്ര ജില്ലാ കളക്ടർ ഫ്‌ളാഗ് ഓഫ് ചെയ്തു. കുട്ടികളുടെ പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ പദവികളിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ റാലിക്ക് നേതൃത്വം നൽകി. ലഹരി വിമുക്ത സന്ദേശങ്ങൾ അടങ്ങിയ ബാഡ്ജുകൾ ധരിച്ചാണ് അണിനിരന്നത്. ലഹരി വിമുക്ത സന്ദേശവുമായി വിദ്യാർഥികളുടെ ഫ്‌ളാഷ് മോബ് നടന്നു.
സെന്റ് ജോസഫ് കോൺവെന്റ് സ്‌കൂളിൽ അവസാനിച്ച റാലിക്ക് ശേഷം നടന്ന സമാപന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി നദീം ഇഹ്‌സാൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് എ.നേഹ അദ്ധ്യക്ഷയായി. സ്പീക്കർ എസ്.അനഘ മുഖ്യപ്രഭാഷണം നടത്തി. എം.മുകേഷ് എം.എൽ.എ ശിശുദിനസന്ദേശം നൽകി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും ശിശുദിന സ്റ്റാമ്പ് പ്രകാശനവും നടന്നു.

ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ബാലൻ മാഷ്, സി.ഡബ്ല്യു.സി ചെയർമാൻ സനൽ വെള്ളിമൺ, ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ ഡി.ഷൈൻ ദേവ്, ട്രഷറർ ജി.ആനന്ദൻ, എൻ.എസ് ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ, സെക്രട്ടറി പി.ഷിബു, വൈസ് പ്രസിഡന്റ് മാധവൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.