കൊല്ലം: മൂന്ന് ലെവൽ ക്രോസുകളിലായി കൊല്ലം - ചെങ്കോട്ട പാതയിലെ കുരുക്ക് മുറുകിയിട്ടും കണ്ണടച്ച് അധികൃതർ. കുണ്ടറ പള്ളിമുക്ക്, മുക്കട, ഇളമ്പള്ളൂർ ലെവൽ ക്രോസുകളാണ് വഴിമുടക്കുന്നത്.

ഓവർബ്രിഡ്ജ് നിർമ്മിക്കാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകിയെങ്കിലും അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പ് വൈകുകയാണ്. പള്ളിമുക്ക്, ഇളമ്പള്ളൂർ റെയിൽവേ ഓവർ ബ്രിഡ്ജുകൾക്ക് റെയിൽവേ മന്ത്രാലയം ബഡ്ജറ്റിൽ ഫണ്ട് അനുവദിച്ചിരുന്നു. കോയിക്കൽ ജംഗ്ഷൻ മുതൽ കരിക്കോട് വരെയുള്ള റോഡ് നാലു വരിയായി വികസിപ്പിക്കുന്നതിനും പള്ളിമുക്കിൽ ഫ്ളൈ ഓവർ നിർമ്മിക്കുന്നതിനും 447.15 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയെങ്കിലും അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഉടമകളിൽ നിന്ന് എതിർപ്പുണ്ടായതോടെ പദ്ധതി ഫ്രീസറിലായി.

ഇതോടെ മൂന്ന് ലെവൽ ക്രോസുകളിലും ദിവസവും മണിക്കൂറുകളാണ് യാത്രക്കാർക്ക് നഷ്ടപ്പെടുന്നത്. തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീളും. ഇതോടെ കൊല്ലം - തേനി, കൊല്ലം - തിരുമംഗലം ദേശീയപാതകളിലെ വാഹനങ്ങളും കുരുക്കിൽപ്പെടും.

വ്യവസായ സ്ഥാപനങ്ങൾ, ഐ.ടി പാർക്ക് എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും ജീവനക്കാരും രാവിലെയും വൈകിട്ടും ലെവൽക്രോസിൽ കുടുങ്ങുന്നതും പതിവാണ്.

ആംബുലൻസിനും രക്ഷയില്ല

ലെവൽ ക്രോസ് അടച്ചിരിക്കുന്ന സമയങ്ങളിൽ ഫയർഫോഴ്സ് ആംബുലൻസ് വാഹനങ്ങളും ഇവിടങ്ങളിൽ കുടുങ്ങുന്നത് പതിവ് കാഴ്ചയാണ്. ചരക്ക് വാഹനങ്ങൾ കൂടിയാകുമ്പോൾ അത്യാവശ്യ യാത്രക്കാരും പെരുവഴിയിലാകും.

റോഡിലെ കുരുക്കും ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും ആരും കാണുന്നില്ല. അടിയന്തര നടപടി വേണം.

നാട്ടുകാർ