
കൊല്ലം: സ്ത്രീശാക്തീകരണത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും കുടുംബശ്രീ പ്രസ്ഥാനം അതിന് ഉത്തമ ഉദാഹരണമാണെന്നും നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. ശ്രീനാരായണ വനിതാ കോളജിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സിന്റെ നേതൃത്വത്തിൽ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി വകുപ്പുകളും ഐ.ക്യു.എ.സിയും സംയുക്തമായി സംഘടിപ്പിച്ച 'ഇന്ത്യയിലെ സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണം; സാദ്ധ്യതകളും വെല്ലുവിളികളും' ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനായി. പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേഷൻ സ്ഥിരംസമിതി അദ്ധ്യക്ഷൻ എ.കെ.സവാദ്, പ്രിൻസിപ്പൽ ഡോ.ആർ.സുനിൽ കുമാർ, ഐ.ക്യു.എ.സി കോഓർഡിനേറ്റർ എസ്.ശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.